ഹൈദരാബാദ്: രാത്രിയിൽ നഗ്നയായി നടന്ന് ക്ഷേത്രത്തിലെത്തിയ മുൻ സോഫ്റ്റ്വെയർ എൻജിനീയർ കുളത്തിൽ ചാടി ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ ഹൈദരാബാദിലാണ് തേജസ്വിനി(25) എന്ന യുവതി ആത്മഹത്യ ചെയ്തത്. മുൻപ് ബെംഗളൂരുവിലെ ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്ന തേജസ്വിനി കുറച്ചു നാളായി അമ്മയ്ക്കൊപ്പം ഹൈദരാബാദിലാണ് താമസിച്ചിരുന്നത്. യുവതിയുടെ മാതാപിതാക്കൾ വിവാഹമോചിതരാണ്.

പൊലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം ജൂലൈ 17 ന് യുവതിയും അമ്മയും കൂടി വീട് വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെ മിയാപുരിലെത്തിയിരുന്നു. തിരികെ വീട്ടിലെത്തിയ ഇവർ വെവ്വേറെ മുറികളിൽ ഉറങ്ങാനായി പോയി. തുടർന്ന് തേജസ്വിനി രാത്രിയിൽ അമ്മയുടെ മുറി പുറത്തുനിന്നും പൂട്ടിയ ശേഷം വിവസ്ത്രയായി അടുത്തുള്ള ക്ഷേത്രത്തിലെത്തുകയും അവിടെയുള്ള കുളത്തിൽ ചാടി ആത്മഹത്യ ചെയ്യുകയുമായിരുന്നു. ശനിയാഴ്ച രാവിലെയാണ് പൊലീസ് വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയത്. യുവതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്.


അതേസമയം യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ക്ഷേത്രത്തിലെ വിഗ്രഹം കാണാതെ പോയതായും ഇന്ത്യടുഡേ റിപ്പോർട്ട് ചെയ്യുന്നു. യുവതി വിഗ്രഹവും എടുത്തു കുളത്തിലേക്ക് പോയെന്നാണ് കരുതുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.






















