തിരുവനന്തപുരം: കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ ചെയ്ത യുവതിയുടെ വിരലുകൾ നഷ്ടമായ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ. ഇത്തരത്തിൽ എളുപ്പത്തിൽ വണ്ണം കുറയ്ക്കാനുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണമായിരുന്നു. ഇതൊരു അടിയന്തര ശസ്ത്രക്രിയ അല്ലല്ലോ എന്നും സൗന്ദര്യം വർദ്ധിപ്പിക്കാനുള്ളതല്ലേ, ശസ്ത്രക്രിയ നടത്തുന്നത് വിദഗ്ധരായ ഡോക്ടമാരാണോയെന്ന് അന്വേഷിക്കണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

മുൻകാലങ്ങളിൽ ശസ്ത്രക്രിയ ചെയ്തവരുടെ അനുഭവങ്ങൾ കണക്കിലെടുക്കണമായിരുന്നു. ഇത്തരം ശസ്ത്രക്രിയയുടെ പരിണിത ഫലങ്ങൾ നമ്മൾ അറിഞ്ഞിരിക്കണമെന്നും ഗണേഷ് കുമാർ പറഞ്ഞു. കഴക്കൂട്ടം കുളത്തൂരിലെ കോസ്മറ്റിക് ആശുപത്രിയിൽ ചികിത്സ തേടിയ 31കാരി നീതുവിനാണ് ചികിത്സാപ്പിഴവിനെത്തുടർന്ന് വിരലുകൾ മുറിച്ചുമാറ്റേണ്ടി വന്നത്. അടിവയറ്റിലെ കൊഴുപ്പ് നീക്കാനാണ് ഇവർ സ്വകാര്യ സൗന്ദര്യ ചികിത്സാ കേന്ദ്രത്തെ സമീപിച്ചത്. ഫെബ്രുവരി 22ന് ആണ് നീതു അടിവയറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയയ്ക്കു വിധേയയായത്.

























