ന്യൂഡൽഹി: കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഹൈക്കോടതിയിൽ പോയി ക്ഷമ ചോദിക്കാനും അൽപം വിവേകം കാണിക്കാനും സുപ്രീം കോടതി പറഞ്ഞു. മന്ത്രിയുടെ പരാമർശങ്ങൾ അസ്വീകാര്യമാണെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് ചൂണ്ടിക്കാട്ടി. ഭരണഘടനാ പദവികൾ വഹിക്കുന്ന വ്യക്തികൾ സംസാരത്തിൽ വിവേകം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിൽനിന്ന് സംരക്ഷണം തേടിയാണ് ഷാ സുപ്രീംകോടതിയെ സമീപിച്ചത്.

ഓപ്പറേഷൻ സിന്ദൂറിന്റെ മുൻനിരയിലുണ്ടായിരുന്ന കേണൽ സോഫിയ ഖുറേഷിയെ ‘ഭീകരവാദികളുടെ സഹോദരി’യെന്ന് ആക്ഷേപിച്ചതിന് വിജയ്ഷായ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇൻഡോറിലെ മാൻപുർ സ്റ്റേഷനിലാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. രാജ്യത്തിന്റെ ഐക്യം തകർക്കൽ, ഒരു വിഭാഗത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾക്കുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.


നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെത്തന്നെ വിട്ട് മോദി പാഠം പഠിപ്പിച്ചെന്നാണ് ഇൻഡോറിൽ വിജയ് ഷാ പ്രസംഗിച്ചത്. ബിജെപി കേന്ദ്ര നേതൃത്വവും കയ്യൊഴിഞ്ഞതോടെ വിവാദത്തിൽ വിജയ് ഷാ ഒറ്റപ്പെട്ടു. തന്റെ വാക്കുകൾ സമൂഹത്തെയും മതത്തെയും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പത്തുവട്ടം മാപ്പു പറയാൻ തയാറാണെന്നു മന്ത്രി വ്യക്തമാക്കിയിരുന്നു.























