കൊച്ചി: കളമശേരി ഗവ. പോളിടെക്‌നിക്കിൽ വൻ കഞ്ചാവ് വേട്ട. കോളജ് ഹോസ്റ്റലിൽ രാത്രി നടത്തിയ റെയ്ഡിൽ രണ്ട് കിലോയിലധികം കഞ്ചാവ് പിടികൂടി. ഹോളി ആഘോഷങ്ങൾക്കായി കോളേജ് ഹോസ്റ്റലിനുള്ളിൽ ലഹരി സൂക്ഷിക്കുന്നുണ്ട് എന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. വെയിറ്റിംഗ് മെഷീൻ അടക്കം ഉപയോഗിച്ച് കഞ്ചാവ് ചെറിയ പാക്കറ്റുകളിൽ ആക്കുന്നതിനിടെയായിരുന്നു പൊലീസ് പരിശോധന. പൊലീസിന്റെയും ഡാൻസാഫിന്റെയും സംയുക്ത പരിശോധനയിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത്. കസ്റ്റഡിയിലെടുത്ത് മൂന്ന് പേർ കളമശേരി പൊലീസ് സ്റ്റേഷനിലാണ്. കൂടുതൽ പ്രതികൾ കേസിൽ അറസ്റ്റിലാകാൻ സാധ്യതയുണ്ട്. ഇന്നലെ പൊലീസിനെ കണ്ടപ്പോൾ ഓടി രക്ഷപ്പെട്ട മൂന്ന് വിദ്യാർത്ഥികൾക്കായുള്ള തിരച്ചിലും നടത്തുന്നുണ്ട്.

എഫ് ഐ ആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. ഹരിപ്പാട് സ്വദേശി ആദിത്യൻ, കരുനാഗപള്ളി സ്വദേശി അഭിരാജ് എന്നിവരുടെ മുറിയിൽ നിന്ന് 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയിൽ നിന്ന് പിടിച്ചെടുത്തത്.

























