തിരുവനന്തപുരം: കൊറ്റാമത്ത് സ്ത്രീയെ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി. ദന്തഡോക്ടറായ സൗമ്യയാണ് (31) മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് സൗമ്യയെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയം ഇവരുടെ ഭർത്താവ് ആദർശും ഇയാളുടെ അമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ആദർശിന്റെ അമ്മ കാലൊടിഞ്ഞ് വീട്ടിൽ കിടപ്പിലാണ്.

ഇവർക്ക് കൂട്ടുകിടക്കുകയായിരുന്നു സൗമ്യ. താഴത്തെ നിലയിലായിരുന്നു കിടന്നിരുന്നത്. രണ്ട് മണിയോടെ സൗമ്യയെ കാണാതായതിനെ തുടർന്ന് ആദർശിനെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുകൾ നിലയിൽ രക്തം വാർന്ന നിലയിൽ യുവതിയെ കണ്ടെത്തിയത്. ഉടൻ നെയ്യാറ്റിൻകര മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെയായിരിക്കും ഇൻക്വസ്റ്റ്, പോസ്റ്റ്‌മോർട്ടം നടപടികൾ നടക്കുക.


നാല് വർഷം മുൻപാണ് സൗമ്യയും ആദർശും വിവാഹിതരായത്. സൗമ്യയ്ക്ക് ചില മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നുണ്ട്.























