കേരളത്തിൽ സ്വർണവിലയുടെ റെക്കോർഡ് മുന്നേറ്റം. ഗ്രാമിന് ഇന്ന് ഒറ്റയടിക്ക് 195 രൂപ ഉയർന്ന് വില 9,295 രൂപയും പവന് 1,560 രൂപ ഉയർന്ന് 74,360 രൂപയുമായി. കഴിഞ്ഞ ഏപ്രിൽ 22ന് രേഖപ്പെടുത്തിയ ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയും എന്ന റെക്കോർഡ് ഇനി പഴങ്കഥ.

കഴിഞ്ഞമാസം 15ന് (മേയ് 15) പവൻവില 68,880 രൂപയിലേക്കും ഗ്രാം വില 8,610 രൂപയിലേക്കും ഇടിഞ്ഞിരുന്നു. തുടർന്ന്, ഇതുവരെ കൂടിയത് പവന് 5,480 രൂപയും ഗ്രാമിന് 685 രൂപയും. ഈ മാസം ഇതുവരെ മാത്രം ഗ്രാമിന് 375 രൂപയും പവന് 3,000 രൂപയും ഉയർന്നിട്ടുണ്ട്. രാജ്യാന്തര സ്വർണവിലയുടെ കുതിച്ചുകയറ്റമാണ് കേരളവിലയിലും പ്രതിഫലിക്കുന്നത്.


രാജ്യാന്തര വില മുന്നേറ്റം തുടർന്നാൽ, കേരളത്തിൽ ഇന്നുതന്നെ സ്വർണവില റെക്കോർഡ് പുതുക്കാനും സാധ്യതയേറെ. കഴിഞ്ഞവർഷം ജൂൺ 13ന് കേരളത്തിൽ പവന് 52,920 രൂപയേ വിലയുണ്ടായിരുന്നുള്ളൂ; ഗ്രാമിന് 6,615 രൂപയും. ഒറ്റവർഷംകൊണ്ട് കൂടിയത് പവന് 21,440 രൂപ. ഗ്രാമിന് 2,680 രൂപയും. 22 കാരറ്റ് സ്വർണത്തിന് പുറമെ ഇന്ന് 18 കാരറ്റ് സ്വർണവിലയും റെക്കോർഡ് തിരുത്തിയെഴുതി. ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ നിർണയപ്രകാരം ഇന്ന് 18 കാരറ്റ് സ്വർണവില ഗ്രാമിന് 170 രൂപ വർധിച്ച് പുതിയ ഉയരമായ 7,650 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് 118 രൂപയെന്ന റെക്കോർഡിൽ മാറ്റമില്ലാതെ നിൽക്കുന്നു.























