ഞാൻ സുരക്ഷിത, പക്ഷേ സഹപ്രവർത്തകർ മരണപ്പെട്ടു, വിദ്യാർഥികളെ കാണാതായി: എലിസബത്ത്

അഹമ്മദാബാദിലുണ്ടായ അതിദാരുണമായ വിമാനാപകടത്തിൽ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസം പങ്കുവച്ച് ബാലയുടെ മുൻ പങ്കാളിയും ഡോക്ടറുമായ എലിസബത്ത് ഉദയൻ. എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രിയിലെ ഇന്റേൺ ഡോക്ടർമാർ താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടത്തിനു മുകളിലേക്കാണു വിമാനം പതിച്ചത്. സ്വന്തം ജീവൻ രക്ഷപെട്ട ആശ്വാസം ഉണ്ടെങ്കിലും മനസ്സിൽ പ്രിയപ്പെട്ടവരെയും കൊല്ലപ്പെട്ട ആളുകളെയും ഓർത്തുള്ള ദുഃഖത്തിലാണ് എലിസബത്ത്. ഹോസ്റ്റലിൽ ഉണ്ടായിരുന്ന എംബിബിഎസ് വിദ്യാർഥികളും പിജി ഡോക്ടർമാരുമടക്കം അൻപത് പേർ അപകടത്തിൽ മരണപ്പെട്ടുവെന്നാണ് എലിസബത്ത് പറയുന്നത്.

‘‘ഞാൻ സുരക്ഷിതയാണ്. ഒരുപാട് ആളുകൾ, എന്റെ സഹപ്രവർത്തകർ, ഞങ്ങളുടെ കൂട്ടത്തിൽ തന്നെ ഒരുപാട് പേർ മിസ്സിങ് ആണ് എംബിബിഎസ്‌ വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ മരണപ്പെട്ടു. ഒരുപാട് പേര് പരുക്കുകളോടെ ചികിത്സയിലാണ്. ചികിത്സയിൽ ഉള്ള എല്ലാ ആളുകൾക്ക് വേണ്ടിയും പ്രാർഥിക്കണം.’’– എലിസബത്ത് കുറിച്ചു.

എലിസബത്ത് പിജി ചെയ്യുന്ന അഹമ്മദാബാദ് സിവിൽ ആശുപത്രിയിലേക്കാണ് പരുക്ക് പറ്റിയവരെ കൊണ്ടുവന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ആശുപത്രിയിൽ ദുരന്തത്തെക്കുറിച്ച് അറിയിപ്പ് വന്നതെന്ന് എലിസബത്ത് പറയുന്നു. എന്നാൽ വിമാന ദുരന്തമാണെന്ന് അറിയില്ലായിരുന്നു.

‘‘അപകടം നടന്ന ഹോസ്റ്റലും ആശുപത്രിയും തമ്മിൽ ഒരു കിലോമീറ്റർ ദൂരം ഉണ്ട്. ആശുപത്രികളിൽ നല്ല തിരക്കായിരുന്നു. അപകടത്തിൽപ്പെട്ട മെഡിക്കൽ വിദ്യാർഥികളിൽ ഇതുവരെ മലയാളികളില്ലെന്നാണ് സൂചന. 63 പേരടങ്ങുന്ന മലയാളി ഗ്രൂപ്പ് വാട്ട്സാപ്പിൽ ഉണ്ട്. അതിൽ ഉള്ള എല്ലാവരും സുരക്ഷിതരാണ്. കുറേ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്. ഡിഎൻഎ പരിശോധനയിൽ മാത്രമേ ആളുകളെ തിരിച്ചറിയാനാകുകയുള്ളൂ. ഞങ്ങളുടെ കൂട്ടത്തിൽ തന്നെ ഒരുപാട് പേർ മിസ്സിങ് ആണ്. ഹോസ്റ്റലിൽ ഉണ്ടായിരുന്ന നിരവധിപ്പേർ ഇപ്പോൾ ചികിത്സയിലുണ്ട്. ആശുപത്രിയിൽ നിന്നും പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഹോസ്റ്റലിൽ ഉണ്ടായിരുന്ന അൻപതോളം പേർ മരിച്ചതായാണ് സൂചന.

എംബിബിഎസ് വിദ്യാർഥികളുടെ മെസിലും പിജിയിലും സൂപ്പർ സ്പെഷാലിറ്റിയിലുമുള്ള ആളുകൾ താമസിക്കുന്ന ഹോസ്റ്റലിലുമാണ് വിമാനം ഇടിച്ചിറങ്ങിയത്. മെസിൽ പക്ഷേ എല്ലാവരും വരാറുണ്ടായിരുന്നു. എംബിബിഎസ് വിദ്യാർഥികളുടെ ഉച്ച ഭക്ഷണ സമയത്താണ് അപകടം നടക്കുന്നത്. അൻപത് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്, 25 പേരിലധികം ആളുകളെ കാണാതായെന്നും ആശുപത്രി അധികൃതർ പറയുന്നു.’’–എലിസബത്തിന്റെ വാക്കുകൾ.

ഏകദേശം രണ്ടു വർഷത്തോളമായി അഹമ്മദാബാദിലെ ആശുപത്രിയിൽ ട്രാൻസ്മിഷൻ മെഡിസിനിൽ പിജി ചെയ്യുകയാണ് എലിസബത്ത്.