തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവില വീണ്ടും ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 80 രൂപ വീതമാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 640 രൂപയും ഇന്ന് കൂടി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58000 കടന്നു. പവന് 58280 എന്ന നിലയിലാണ് ഇന്നത്തെ വിൽപ്പന പുരോഗമിക്കുന്നത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 7205 രൂപയും നൽകേണ്ടി വരും. സ്വർണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

ഈ മാസത്തിന്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വർണവില എത്തിയിരുന്നു. പിന്നീട് ഉയർന്ന വിലയിൽ തുടർന്നുള്ള ദിവസങ്ങളിൽ ചാഞ്ചാട്ടമാണ് ദൃശ്യമായത്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

























