കൊച്ചി: ഇന്ത്യൻ വനിതകൾ നഗ്നരായി ആത്മ*ഹത്യ ചെയ്യുമെന്ന് കരുതാനാകില്ലെന്ന് ഹൈക്കോടതി. മൃതശരീരം അങ്ങനെ കണ്ടെത്തുന്നതു തന്നെ കൊലപാതക സൂചനയാണെന്നും ജസ്റ്റിസ് പിബി സുരേഷ്‌കുമാറും സി പ്രദീപ്കുമാറും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി.

പയ്യന്നൂരിലെ ലോഡ്ജിൽ അഴീക്കൽ പുളിക്കൽ വീട്ടിൽ ഷമ്മികുമാറിന്റെ ഭാര്യ രമ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവിന്റെ ജീവപര്യന്തം തടവുശിക്ഷ ശരിവച്ചാണ് ഉത്തരവ്. യുവതിയെ മദ്യം നൽകി മയക്കിയശേഷം ഭർത്താവ് ഷാളിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെയും വിചാരണക്കോടതിയുടെയും കണ്ടെത്തൽ. ഷമ്മികുമാറിനും മൂന്നാം പ്രതിയായ അമ്മ പത്മാവതിക്കുമെതിരായ ഗാർഹിക പീഡനക്കുറ്റം ഒഴിവാക്കി അമ്മയെ വെറുതേ വിടുകയും ചെയ്തു. ഇരുവരും നൽകിയ അപ്പീലിലാണ് നടപടി.


ഭർത്താവിനും കുഞ്ഞിനുമൊപ്പം ലോഡ്ജിലെത്തിയ യുവതിയെ 2010 ജനുവരി 22നാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മൃതദേഹം മിക്കവാറും നഗ്‌നമായിരുന്നു. യുവാവും കുഞ്ഞും അപ്രത്യക്ഷരായതടക്കം സംശയാസ്പദമായ മറ്റ് സാഹചര്യങ്ങളുമുണ്ടായി. കൊലപാതക സൂചനകളുണ്ടെങ്കിലും ആത്മഹത്യയെന്ന വാദവും തള്ളാനാകില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. ഇന്ത്യയിൽ ഒരു വനിതയും ശരീരം മറയ്ക്കാതെ ആത്മഹത്യ ചെയ്യില്ലെന്ന, പോസ്റ്റ്‌മോർട്ടം ചെയ്ത പൊലീസ് സർജന്റെ പരാമർശം കോടതി ഗൗരവത്തിലെടുത്തു.ഒരു ഇന്ത്യൻ സ്ത്രീയും അല്പവസ്ത്രധാരിയായി കടലിൽച്ചാടി ജീവനൊടുക്കില്ലെന്ന സുപ്രീംകോടതിയുടെ നിരീക്ഷണവും ഹൈക്കോടതി പരിഗണിച്ചു.
യുഎഇയിൽ ജോലിചെയ്തിരുന്ന പ്രതിക്ക് ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് കേസിൽ പറയുന്നത് . സ്ത്രീധനത്തിനായി ഭർതൃവീട്ടുകാർ പീഡിപ്പിക്കുന്നതായി യുവതി പരാതി നൽകിയതിലും വിരോധമുണ്ടായിരുന്നു. കൊലപാതകത്തിന് ഏതാനുംദിവസംമുമ്പ് ആരുമറിയാതെ നാട്ടിലെത്തിയ ഷമ്മികുമാർ ഭാര്യയെയും ഇളയമകളെയും ലോഡ്ജിൽ എത്തിച്ചാണ് കൃത്യം നടത്തിയത്. കുഞ്ഞിനെ രാത്രിയിൽ ഭാര്യയുടെ വീട്ടുമുറ്റത്ത് കൊണ്ടുവച്ച് ഗൾഫിലേക്ക് കടക്കുകയായിരുന്നു.























