ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബു അന്തരിച്ചു

കൊച്ചി: സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബു(65) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് വടൂക്കര ശ്മശാനത്തിൽ നടക്കും. അമ്മയുടെ വിയോഗ വാർത്ത ഫേസ്ബുക്കിലൂടെ ഗോപി സുന്ദർ പങ്കുവച്ചിട്ടുണ്ട്. “അമ്മ, എനിക്ക് ജീവിതം, സ്നേഹം, എൻറെ സ്വപ്നങ്ങൾ ഇവയെല്ലാം നേടാനുള്ള ശക്തി നൽകി. ഞാൻ സൃഷ്ടിക്കുന്ന ഓരോ സംഗീത്തിലും നിങ്ങൾ എനിക്ക് പകർന്ന സ്നേഹം ഉണ്ട്. നിങ്ങൾ പോയിട്ടില്ല— എന്റെ ഹൃദയത്തിലും, എൻറെ മെലഡികളിലും, ഞാൻ എടുക്കുന്ന ഓരോ ചുവടിലും ജീവിക്കുന്നു.

ദൈവത്തോട് പ്രാർത്ഥിക്കുന്നു, നിങ്ങളുടെ ആത്മാവിന് സമാധാനം ലഭിക്കട്ടെ. പക്ഷേ, അമ്മ ഇപ്പോഴും എന്നോടൊപ്പമുണ്ടെന്ന് എനിക്കറിയാം, എന്നെ കാത്തുകൊണ്ടിരിക്കുന്നു. സമാധാനത്തോടെ വിശ്രമിക്കൂ, അമ്മ. നിങ്ങൾ എപ്പോഴും എന്റെ ശക്തിയും, എൻറെ വഴിത്തരകളിലെ പ്രകാശവുമായിരിക്കും” എന്നാണ് അമ്മയുടെയും ഗോപിയുടെയും ഛായചിത്രത്തിനൊപ്പം പങ്കിട്ട കുറിപ്പിൽ പറയുന്നത്.

ഭർത്താവ്: സുരേഷ് ബാബു. മക്കൾ: ഗോപി സുന്ദർ (സംഗീത സംവിധായകൻ), ശ്രീ(മുംബൈ). മരുമക്കൾ: ശ്രീകുമാർ പിള്ള (എയർഇന്ത്യ, മുംബൈ).