ആശ വർക്കർമാരെ വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ എസ് യുസിഐയുടെ നേതൃത്വത്തിൽ സമരം നടത്തുന്ന ആശ വർക്കർമാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. ആരോഗ്യമന്ത്രിയുടെ ചേംബറിൽ നാളെ വൈകീട്ട് മൂന്നുമണിക്കാണ് ചർച്ച. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായി ആരോഗ്യമന്ത്രി വീണാ ജോർജ് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ ആശ പ്രവർത്തകരെ ചർച്ചയ്ക്ക് വിളിക്കുന്നത്.

സമരക്കാരെ ഇതു മൂന്നാം തവണയാണ് സർക്കാർ ചർച്ചയ്ക്ക് ക്ഷണിക്കുന്നത്. സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന സമരം 52-ാം ദിനത്തിലെത്തിയപ്പോഴാണ് വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ചുകൊണ്ട് എൻഎച്ച്എം ഓഫീസിൽ നിന്നും സമരക്കാർക്ക് അറിയിപ്പ് ലഭിക്കുന്നത്. സമരക്കാർക്ക് പുറമെ, സിഐടിയു, ഐഎൻടിയുസി തുടങ്ങിയ സംഘടനകളേയും ചർച്ചയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തങ്ങളുടെ ആവശ്യങ്ങൾ എന്താണെന്ന് സർക്കാരിന് അറിയാവുന്നതാണെന്ന് സമരസമിതി നേതാവായ എസ് മിനി പറഞ്ഞു. ഓണറേറിയം വർധനയും പെൻഷനും അടക്കം ചർച്ചയാകും.