കൊച്ചി: മത വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പിസി ജോർജിന് അബദ്ധങ്ങളോട് അബദ്ധമെന്ന് ഹൈക്കോടതി. പരാമർശം ഒരു അബദ്ധം പറ്റിയതാണെന്ന പി സി ജോർജിന്റെ വിശദീകരണത്തിനായിരുന്നു കോടതിയുടെ പ്രതികരണം. കേസിൽ പി സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി വിധി പറയാനായി മാറ്റി. മറ്റന്നാൾ കോടതി വിധി പ്രസ്താവിക്കും.

പ്രസംഗമല്ലെന്നും, ചാനൽ ചർച്ചയ്ക്കിടെ അബദ്ധത്തിൽ വായിൽ നിന്നും വീണുപോയ വാക്കാണെന്നും, അപ്പോൾ തന്നെ അബദ്ധം തിരിച്ചറിഞ്ഞ് മാപ്പു പറഞ്ഞുവെന്നും പിസി ജോർജ് കോടതിയെ അറിയിച്ചു. താൻ നടത്തിയ പരാമർശത്തിന്റെ പേരിൽ ഒന്നും സംഭവിച്ചില്ല. എല്ലാവരും ചിരിച്ചതേയുള്ളൂവെന്നും പിസി ജോർജ് കോടതിയിൽ പറഞ്ഞു.


വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട് മുമ്പത്തെ കേസിൽ പിസി ജോർജിന് ജാമ്യം അനുവദിച്ചപ്പോൾ, ഇത്തരം പരാമർശങ്ങൾ മേലിൽ പാടില്ലെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഈ വ്യവസ്ഥ ലംഘിച്ച്, വീണ്ടും പരാമർശം നടത്തിയല്ലോയെന്ന് കോടതി ചൂണ്ടിക്കാട്ടിയപ്പോഴാണ് അബദ്ധത്തിൽ പറഞ്ഞതാണെന്ന് പിസി ജോർജ് വിശദീകരിച്ചത്. പി സി ജോർജിന്റേത് അബദ്ധമല്ല, അബദ്ധങ്ങളോട് അബദ്ധമാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇതാദ്യമായിട്ടല്ല പി സി ജോർജ് ഇത്തരം പരാമർശം നടത്തുന്നത്. 40 വർഷത്തോളം പ്രവർത്തന പാരമ്പര്യമുള്ള നേതാവാണ്. അതുകൊണ്ടു തന്നെ പരാമർശങ്ങൾ നടത്തുമ്പോൾ സൂക്ഷിക്കേണ്ടതാണ്. എന്നാൽ അത്തരത്തിൽ ജാഗ്രത പി സി ജോർജിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നും കോടതി വിമർശിച്ചു.























