കൊച്ചി: താരസംഘടന അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് നടൻ ജഗദീഷ് ഒഴിവായതായി റിപ്പോർട്ട്. താത്ക്കാലിക കമ്മിറ്റിയുടെ പ്രവർത്തനങ്ങളിലെ അതൃപ്തി അറിയിക്കാനാണ് ജഗദീഷ് ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റടിച്ചതെന്നാണ് വാർത്തകൾ പരന്നത്. എന്നാൽ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് പഴയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടേത് ആയതിനാലാണ് താൻ ഗ്രൂപ്പിൽ നിന്നിറങ്ങിയതെന്നാണ് ജഗഗീഷ് മാധ്യമങ്ങളോട് പറഞ്ഞത്.

അഡ്‌ഹോക് കമ്മിറ്റിയുടെ പുതിയ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുമെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും ജഗദീഷ് അറിയിച്ചു. അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ട ശേഷം അഡ്‌ഹോക് കമ്മിറ്റിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയായിരുന്നു സംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്. അമ്മയുടെ ജനറൽ ബോഡി മീറ്റിംഗ് വിളിക്കാത്തതിൽ ഉൾപ്പെടെയുള്ള അതൃപ്തി പരസ്യമാക്കിയാണ് ജഗദീഷ് ലെഫ്റ്റായതെന്നായിരുന്നു റിപ്പോർട്ടുകൾ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം അമ്മയിലെ തിരുത്തൽശക്തിയായി ഉറച്ച നിലപാടുകളുമായി രംഗത്തെത്തിയ ജഗദീഷ് സംഘടനയുടെ തലപ്പത്തേക്ക് വരണമെന്ന് നിരവധി പേർ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജഗദീഷ് ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റായ സംഭവം സജീവ ചർച്ചയായിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കാത്തതിലും ജനറൽ ബോഡി മീറ്റിംഗ് വിളിക്കുന്നത് അനന്തമായി നീളുന്നതിലും ജഗദീഷ് ഇതേ ഗ്രൂപ്പിൽ തന്നെ മുൻപ് വിയോജിപ്പറിയിച്ചിട്ടുണ്ടെന്നാണ് സൂചന.

























