സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി: ഫോൺ സ്വിച്ച് ഓഫ്, താരം ഒളിവിലെന്ന് സൂചന

കൊച്ചി: ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നടിയുടെ പരാതിയിലാണ് സിദ്ദിഖ് കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടിരിക്കുന്നത്. തന്നെ ഹോട്ടൽ മുറിയിലെത്തിച്ച് ഉപദ്രവിച്ചെന്നായിരുന്നു തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതി. ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അപ്പീലുമായി സുപ്രിംകോടതിയെ സമീപിക്കുമെന്ന് സിദ്ദിഖ് അറിയിച്ചു.

മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിൽ പൊലീസ് സിദ്ദിഖിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം. സിദ്ദിഖിനെതിരെ ശക്തമായ സാഹചര്യ തെളിവുകൾ ഉൾപ്പെടെ ലഭിച്ചുകഴിഞ്ഞെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. 2016 ജനുവരി 27ന് രാത്രി 12 മണിക്കാണ് സിദ്ദിഖ് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലെത്തുന്നത്. 28ന് വൈകിട്ട് 5 മണിവരെ സിദ്ദിഖ് ഹോട്ടലിലുണ്ടായിരുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്. പെൺകുട്ടിയും ഇതേസമയം ഹോട്ടലിൽ ഉണ്ടായിരുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്. മസ്‌കറ്റ് ഹോട്ടലിലെ 101 D എന്ന മുറിയാണ് ഇവർ ഉപയോഗിച്ചിരുന്നത്. ജനലിലെ കർട്ടൻ മാറ്റി നോക്കിയാൽ സ്വിമ്മിംഗ് പൂൾ കാണാമെന്നായിരുന്നു നടിയുടെ മൊഴി. ഇത് പൊലീസ് സംഘം 101 Dയിലെത്തി സ്ഥിരീകരിച്ചിരുന്നു. സിദ്ദിഖ് അന്ന് ചോറും മീൻകറിയും തൈരുമാണ് കഴിച്ചതെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. ഹോട്ടലിൽ നിന്ന് അന്വേഷണസംഘം ഇതിന്റെ ബില്ലുകളും കണ്ടെത്തിയിട്ടുണ്ട്. അതേസമയം മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ശേഷം സിദ്ദിഖിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. താരം ഒളിവിലാണെന്നും സൂചനയുണ്ട്.