ഭാര്യയെ ഉപേക്ഷിച്ചത് ഗായികയുമായുള്ള ബന്ധം? പ്രതികരിച്ച് നടൻ ജയം രവി

വിവാഹമോചന വാർത്തകളിൽ ഉയരുന്ന വിവാദങ്ങളോട് പ്രതികരിച്ച് നടൻ ജയം രവി. ഗായിക കെനിഷയുമായി പ്രണയത്തിലാണെന്ന ആരോപണത്തോടായിരുന്നു നടന്റെ പ്രതികരണം. കെനിഷയുടെ പേര് വലിച്ചിഴയ്ക്കരുതെന്ന് മാധ്യമങ്ങളോട് താരം അഭ്യർത്ഥിച്ചു. സ്വയം ജീവിക്കുകയും മറ്റുള്ളവരെ അതിന് അനുവദിക്കുകയും ചെയ്യൂവെന്നും ആരുടെപേരും ഇതിലേക്കു വലിച്ചിഴയ്ക്കരുതെന്നും ജയംരവി പറഞ്ഞു.

‘‘ഒരേയൊരു കാര്യം മാത്രമാണ് പറയാനുള്ളത്. ജീവിതം ജീവിക്കാൻ അനുവദിക്കൂ. ആരെയും അതിലേക്ക് വലിച്ചിടരുത്. ആരുടെയൊക്കെയോ പേര് പറയുന്നത് കേൾക്കുന്നുണ്ട്. അങ്ങനെ ചെയ്യരുത്. വ്യക്തി ജീവിതത്തെ അങ്ങനെ വിടൂ. 600ൽ അധികം സ്റ്റേജുകളിൽ പാടിയിട്ടുള്ള ഗായികയാണ് കെനിഷ. ഒറ്റയ്ക്ക് കഷ്ടപ്പെട്ട് ഉയരങ്ങളിലെത്തിയ വ്യക്തിയും പല ജീവിതങ്ങളെ രക്ഷിച്ച ഒരു ഹീലറുമാണ് അവർ. ലൈസൻസുള്ള ഒരു സൈക്കോളജിസ്റ്റ് ആണവർ. ഒന്നിച്ച് ഒരു ഹീലിങ് സെന്റർ ആരംഭിക്കാനുള്ള പദ്ധതികളിലാണ് ഞങ്ങൾ.

ഇതിലൂടെ നിരവധിപേരെ സഹായിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ദയവുചെയ്ത് അത് തകർക്കരുത്. ഈ ലക്ഷ്യം ആർക്കും തകർക്കാനും സാധിക്കില്ല.’’–ജയം രവി പറഞ്ഞു.