കോട്ടയത്ത് 59കാരൻ തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു

കോട്ടയം: പാലാ രാമപുരത്ത് 59കാരൻ പെട്രോളൊഴിച്ച് കത്തിച്ച ജ്വല്ലറി ഉടമ മരിച്ചു. രാമപുരം ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകൻ (55) ആണ് മരിച്ചത്. ഇളംതുരുത്തിയിൽ ഹരി (59) എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു കാരണമെന്ന് പറയുന്നു. ഗുരുതരമായി പൊള്ളലേറ്റ അശോകനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
തീയിട്ട ഉടൻ ഓടി രക്ഷപെട്ട പ്രതി ഹരി, ഒരു മണിക്കൂറിനുശേഷം രാമപുരം പൊലീസി‌ൽ കീഴടങ്ങുകയായിരുന്നു.