തിരുവനന്തപുരം: നെടുമങ്ങാട് 19 വയസുകാരൻ ഷോക്കേറ്റ് മരിച്ചു. പനയമുട്ടം സ്വദേശി അക്ഷയ് ആണ് മരിച്ചത്. മരം ഒടിഞ്ഞ് വൈദ്യുതി പോസ്റ്റിനു മുകളിലൂടെ റോഡിലേയ്ക്ക് വീഴുകയായിരുന്നു. ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന അക്ഷയ്ക്ക് ഇതിൽ മുട്ടിയാണ് ഷോക്കേറ്റത്. രാത്രി രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. ബൈക്കിൽ മൂന്നുപേരാണ് ഉണ്ടായിരുന്നത്. മറ്റ് രണ്ടുപേർക്കും അപകടത്തിൽ കാര്യമായ പരുക്കുകളില്ല.

മൂവരും കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു. മരം ഒടിഞ്ഞ് പോസ്റ്റിന് മുകളിൽ വീണപ്പോൾ പോസ്റ്റിൽ നിന്നുള്ള ലൈനുകൾ നേരിട്ട് അക്ഷയ്‌യുടെ ദേഹത്ത് തട്ടുകയായിരുന്നു. തുടർന്ന് ബൈക്കിന്റെ നിയന്ത്രണം നഷ്ടമാകുകയും മൂവരും നിലത്തേക്ക് വീഴുകയും ചെയ്തു. അക്ഷയ് ഷോക്കേറ്റ് ഉടൻ തന്നെ മരിച്ചു. മറ്റ് രണ്ടുപേരും എതിർ വശത്തേക്കാണ് വീണത്. അക്ഷയ്‌യുടെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ലൈനിലെ വൈദ്യുതി ഇപ്പോൾ പൂർണമായി വിച്ഛേദിച്ചിട്ടുണ്ട്.

























