അവയവദാനം ചെറിയ കാര്യമാണോ? കോടികൾ വാങ്ങിയതിന്റെ തെളിവുണ്ടോ?: എലിസബത്തിനെതിരെ ബാലയുടെ കരൾ ദാതാവ്

ബാലയുടെ മുൻ ജീവിതപങ്കാളി എലിസബത്തിനെതിരെ നടന് കരൾ ദാനം ചെയ്ത ദാതാവ് ജോസഫ് ജേക്കബ് രം​ഗത്ത്. സ്വമനസ്സാലെ അവയവദാനത്തിന് തയാറായ തന്നെപ്പറ്റി സംസാരിക്കാൻ എലിസബത്തിന് യാതൊരു അർഹതയും ഇല്ലെന്ന് ജോസഫ് ജേക്കബ് പറയുന്നു. അവയവദാനം അത്ര പെട്ടെന്ന് ചെയ്യാൻ കഴിയുന്ന കാര്യമല്ലെന്നും ഒരുപാട് ടെസ്റ്റുകളും ചർച്ചകളും കഴിഞ്ഞതിനു ശേഷമാണ് ഒരാൾ അവയവ ദാനത്തിനായി തയാറെടുക്കുന്നതെന്നും ജോസഫ് പറയുന്നു.

താൻ ആശുപത്രിയിൽ കിടക്കുമ്പോൾ എലിസബത്ത് അവിടെ ഉണ്ടായിരുന്നു. അപ്പോഴൊന്നും അവർ കരൾ നൽകാൻ തയാറാണ് എന്ന് പറഞ്ഞതായി അറിവില്ല. ലക്ഷങ്ങൾ വാങ്ങിയാണ് താൻ കരൾ നൽകിയത് എന്ന് പറയുന്നതിന് തെളിവ് കാണിക്കണമെന്നും തന്നെക്കുറിച്ച് വാസ്തവമല്ലാത്ത കാര്യങ്ങൾ വിളിച്ചു പറയരുതെന്നും ജോസഫ് ജേക്കബ് പറയുന്നു. അവയവദാനം ലോകത്ത് ഏറ്റവും മഹത്തായ കർമമാണ്‌. അത് നന്നായി അറിയാവുന്ന ഡോക്ടർ ആയ ഒരാൾ അതിനെക്കുറിച്ച് മോശമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും ജോസഫിന്റെ വിഡിയോ പങ്കുവച്ചുകൊണ്ട് ബാല പറഞ്ഞു.

‘‘എന്നെക്കുറിച്ച് എന്തു വേണമെങ്കിലും പറഞ്ഞോളൂ നിയമപരമായി എല്ലാ കാര്യങ്ങളും നന്നായി പോകുന്നുണ്ട്. ഈ ലോകത്ത് എത്രപേർക്ക് അവയവദാനത്തെക്കുറിച്ച് അറിയാം , എത്രപേർ അതിനു തയാറാകും? ഏറ്റവും വലിയ ദാനം എന്താണ്, ഒരാൾ മരിക്കാൻ കിടക്കുമ്പോൾ ആ ജീവൻ രക്ഷിക്കാൻ ചെയ്യുന്ന ദാനമാണ് ഏറ്റവും വലിയ ദാനം. ഒരാൾ മരിച്ച ശേഷം അയാളുടെ അവയവങ്ങൾ കൊടുക്കാം. പക്ഷേ ജീവനോടെ ഇരിക്കുമ്പോൾ തന്നെ മരിക്കാൻ കിടക്കുന്ന ഒരാളെ രക്ഷപ്പെടുത്താൻ സ്വന്തം അവയവം നൽകുന്നത് ഏറ്റവും വലിയ ദാനമാണ്. കാരണം അയാളുടെ ജീവന് കൂടി അപകടമായ കാര്യമാണ് അത്.

ഇന്ന് അവയവം ദാനം ചെയ്യുന്ന നല്ല മനസ്സുള്ള കുറേപ്പേരുണ്ട്. അവരെ ഒരിക്കലും മീഡിയയോ മറ്റുള്ളവരോ മോശമായി ചിത്രീകരിക്കരുത്, അത് ഒരു കുറ്റകൃത്യമാണ്. മെഡിക്കൽ ഫീൽഡിൽ ഉള്ളവർ ഒരിക്കലും ഇങ്ങനെ ചെയ്യരുത്. അവർക്ക് അതിന്റെ പ്രാധാന്യം അറിയാവുന്നവർ ആണ്, ഒരു ജീവന്റെ പ്രാധാന്യം ഏറ്റവും കൂടുതൽ അവർക്കാണ് അറിയുന്നത്. ഞാൻ ഈ പറയുന്നത് ജേക്കബിന് വേണ്ടിയാണ്. ഒരു വിഡിയോ ഇടട്ടെ എന്ന് ജേക്കബ് എന്നോട് ചോദിച്ചു, വേണ്ട എന്നാണു ഞാൻ. പറഞ്ഞത്. പക്ഷേ ആ വിഡിയോ ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്. ഇപ്പൊ ഇത് പറയേണ്ട സ്ഥിതിയിലേക്ക് ഞാൻ വന്നു. അവന്റെ മനസ്സ് ഭയങ്കരമായി വിഷമിച്ചു പോയി. ഇത് കണ്ടാൽ വേറെ ഒരു മനുഷ്യനെ രക്ഷപെടുത്താൻ വരുന്ന മറ്റൊരു ദാതാവും സങ്കടപ്പെട്ടുപോകും, നിരുത്സാഹപ്പെടും. മെഡിക്കൽ ഫീൽഡിൽ ഉള്ളവർ തന്നെ ഇത് ചെയ്യുന്നത് വലിയ കുറ്റമാണ്. ജീവൻ നൽകുന്നത് ആണ് ഏറ്റവും വലിയ ദാനം. ഒരുപാട് ന്യൂസ് കാണുന്നുണ്ട്. പക്ഷേ ഞാൻ ഇപ്പോൾ ഇതൊന്നും ഇപ്പോൾ ശ്രദ്ധിക്കാറില്ല, എല്ലാം നിയമം കൊണ്ട് നേരിടും. അവയവദാനം ചെയ്യുന്നവരെ നിരുത്സാഹപ്പെടുത്തരുത്, പുണ്യം ചെയ്യുന്നവരെ വേദനിപ്പിക്കരുത്.’’–ബാല പറയുന്നു.