ബോളിവുഡിന്റെ സൂപ്പർ താരം ഹൃത്വിക് റോഷനും ടോളിവുഡിന്റെ സൂപ്പർ താരം ജൂനിയർ എൻടിആറും കൈകോർക്കുന്ന ചിത്രമാണ് വാർ 2. സിനിമയുടെ ട്രെയ്‌ലർ ആകാംഷ പകരുന്നതായിരുന്നു. അതിഗംഭീര ആക്ഷൻ രംഗങ്ങൾ മുതൽ ഹൃത്വിക്കും താരക്കും തകർത്താടുന്ന ഡാൻസ് നമ്പറുമെല്ലാമുള്ള ചിത്രമാകും വാർ 2 എന്ന് ട്രെയ്‌ലർ വ്യക്തമാക്കുന്നുണ്ട്. ഇതിനിടെ എൻടിആറിന്റെ ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ വച്ച് നടന്ന വാർ 2 പ്രീ റിലീസ് പരിപാടിയിൽ നിന്നുള്ള വിഡിയോയാണ് വൈറലാകുന്നത്. വിഡിയോയിൽ തന്റെ ആരാധകനോട് കയർത്തു സംസാരിക്കുന്ന ജൂനിയർ എൻടിആർ ആണുള്ളത്. പരിപാടിയിൽ ജൂനിയർ എൻടിആർ സംസാരിക്കവെയായിരുന്നു സംഭവം. തന്റെ പ്രസംഗത്തിനിടെ സദസിൽ നിന്നും ഉച്ചത്തിൽ ആർപ്പുവിളിക്കുകയും സംസാരിക്കുകയും ചെയ്ത ആരാധകനോടാണ് ജൂനിയർ എൻടിആർ ദേഷ്യപ്പെട്ടത്.

”സഹോദരാ, ഞാൻ പോകണോ? ഞാൻ പോകട്ടെ? ഞാൻ എന്താണ് നിങ്ങളോട് പറഞ്ഞത്? ഞാൻ സംസാരിക്കുമ്പോൾ നിശബ്ദത പാലിക്കണമെന്നല്ലേ. എനിക്ക് മൈക്ക് താഴെ വച്ച് ഈ വേദി വിട്ട് പോകാൻ ഒരു സെക്കന്റ് പോലും വേണ്ടി വരില്ല. ഞാൻ സംസാരിക്കണോ? നിശബ്ദത പാലിക്കുക” എന്നായിരുന്നു ജൂനിയർ എൻടിആർ പറഞ്ഞത്. കട്ടക്കലിപ്പിൽ സംസാരിക്കുന്ന ജൂനിയർ എൻടിആറിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. താരത്തെ എതിർത്തും അനുകൂലിച്ചും ആരാധകരെത്തുന്നുണ്ട്.

























