ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടി, കൂടെ വരാത്തതും പകയായി; പ്രതി ജോൺസണിനായി വ്യാപക തിരച്ചിൽ

തിരുവനന്തപുരം: കഠിനംകുളത്ത് ആതിര എന്ന യുവതിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി ജോൺസണായ തിരച്ചിൽ ശക്തമാക്കി. ആതിരയും പ്രതി കൊല്ലം ദളവാപുരം സ്വദേശി ജോൺസൺ ഔസേപ്പുമായി ഒരുവർഷക്കാലമായി അടുപ്പമുണ്ടായിരുന്നു. ഇരുവർക്കുമിടയിൽ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. യുവതി കൊല്ലപ്പെട്ട ദിവസം പ്രതി കത്തിയുമായി പോകുന്നതിന്റെ തെളിവും പൊലീസിന് ലഭിച്ചു.

ആതിരയും ജോൺസനും ഇൻസ്റ്റഗ്രാമിൽ റീൽസുകൾ ഇടുമായിരുന്നു. നവമാധ്യമത്തിലൂടെ ഏകദേശം ഒരു വർഷം മുമ്പാണ് ജോൺസണും ആതിരയും തമ്മിൽ പരിചയപ്പെട്ടത്. നേരത്തെ ആതിരയിൽ നിന്നും ഒരു ലക്ഷം രൂപ ജോൺസൺ വാങ്ങിയിരുന്നു. കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് 2500 രൂപയും വാങ്ങി. ആതിരയുടെ ദൃശ്യങ്ങൾ കാണിച്ച് ബ്ലാക്ക്‌മെയിൽ ചെയ്ത് ഇയാൾ പണം തട്ടിയിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

തനിക്കൊപ്പം ജീവിക്കാൻ ഇയാൾ യുവതിയെ നിർബന്ധിച്ചിരുന്നു. ശല്യം വർധിച്ചപ്പോൾ യുവതി ഇക്കാര്യം ഭർത്താവിനോട് പറഞ്ഞു. ഇയാളുമായുള്ള ബന്ധത്തെച്ചൊല്ലി ആതിരയും ഭർത്താവ് രാജിവും തമ്മിൽ അസ്വാരസ്യങ്ങളും നിലനിന്നിരുന്നു. ഭർത്താവും വീട്ടുകാരും അറിഞ്ഞതിനു പിന്നാലെ സുഹൃത്തുമായുള്ള ബന്ധത്തിൽ നിന്നും ആതിര പിൻവലിഞ്ഞിരുന്നു.

സംഭവദിവസം രാവിലെ ഒമ്പതുമണിയോടെയാണ് ജോൺസൺ ആതിരയുടെ വീട്ടിലെത്തിയത്. പ്രതിക്ക് യുവതി ചായ നൽകി. പിന്നീട് അവർ തമ്മിൽ വഴക്കിട്ടു. തുടർന്ന് പ്രതി തന്നെ കൊണ്ടുവന്ന കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. ആതിരയുടെ തന്നെ ഇരുചക്രവാഹനം ഉപയോഗിച്ചാണ് പ്രതി വീട്ടിൽ നിന്നും രക്ഷപ്പെട്ടത്. കത്തിയുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവതിയുടെ കാണാതായ സ്‌കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ സ്കൂട്ടർ വച്ച ശേഷം ട്രെയിൻ കയറി പ്രതി തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നുവെന്നാണ് പൊലീസിന് വിവരം ലഭിച്ചത്.