കൊച്ചി: കാന്താര’യുടെ രണ്ടാംഭാഗമായ ‘കാന്താര: ചാപ്റ്റർ വണ്ണി’ന് കേരളത്തിൽ പ്രദർശനാനുമതി നിഷേധിച്ചിട്ടില്ലെന്ന് തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള (ഫിയോക്ക്). സിനിമയുടെ ആദ്യ രണ്ട് ആഴ്ചത്തെ കളക്ഷനിൽ 55% വിഹിതം ആവശ്യപ്പെട്ടതിനെ തുടർന്ന് ചർച്ചകൾ നടക്കുകയാണെന്നും കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന തീരുമാനം ഫിയോക്ക് എടുത്തിട്ടില്ലെന്നും ഫിയോക്ക് എക്‌സിക്യൂട്ടീവ് അംഗം ബോബി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. ഒക്ടോബർ 2-നാണ് ചിത്രത്തിന്റെ റിലീസ്.


നെറ്റ് കളക്ഷന്റെ 55% വരുമാനം രണ്ട് ആഴ്ചത്തേക്ക് വേണമെന്നാണ് മാജിക് ഫ്രെയിംസ് ആവശ്യപ്പെട്ടത്. എന്നാൽ, ഒരു ആഴ്ചത്തേക്കാണ് ഫിയോക്ക് അനുമതി നൽകിയത്. രണ്ട് ആഴ്ചത്തേക്ക് വേണമെന്ന ആവശ്യത്തിൽ വിതരണക്കാർ ഉറച്ചുനിന്നതോടെ ചർച്ച നടക്കുകയാണ്. ചിത്രത്തിന് കേരളത്തിൽ പ്രദർശനാനുമതി നിഷേധിച്ചിട്ടില്ലെന്നും ഫിയോക്ക് എക്‌സിക്യൂട്ടീവ് അംഗം ബോബി പറഞ്ഞു. പ്രദർശനാനുമതി നിഷേധിക്കുകയാണെങ്കിൽ ജനറൽബോഡിയടക്കം കൂടിയതിന് ശേഷമായിരിക്കും തീരുമാനിക്കുകയെന്നും ഫിയോക്ക് വ്യക്തമാക്കി.























