ന്യൂഡൽഹി: ചിത്രങ്ങൾ ദുരുപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ച് ബോളിവുഡ് താരം അഭിഷേക് ബച്ചനും. ഐശ്വര്യ റായ്ക്ക് പിന്നാലെയാണ് അഭിഷേക് ബച്ചനും കോടതിയെ സമീപിച്ചത്. എഐ ഉപയോഗിച്ച് വ്യാജമായി ചിത്രങ്ങൾ നിർമിച്ചുപ്രചരിപ്പിക്കുന്നുവെന്ന് കാണിച്ചാണ് ഹർജി.

പൊതു- വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട തന്റെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. തന്റെ ചിത്രങ്ങൾ, രൂപസാദൃശ്യം, അശ്ലീല വീഡിയോകൾ എന്നിവയടക്കം പ്രദർശിപ്പിക്കുന്നതിൽനിന്ന് വെബ്‌സൈറ്റുകളെ വിലക്കണമെന്നും നടൻ ആവശ്യപ്പെട്ടു. ജസ്റ്റിസ് തേജസ് കരിയയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.


ഹർജിക്കാരന്റെ അഭിഭാഷകനോട് കോടതി ഏതാനും സംശയങ്ങൾ ഉന്നയിച്ചു. ഇതിന് മറുപടി നൽകാൻ കോടതി സമയം അനുവദിച്ചു. കേസ് വീണ്ടും ബുധനാഴ്ച ഉച്ചയ്ക്ക് 2.30-ന് പരിഗണിക്കും.
തന്റെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നതിനെതിരേ ഐശ്വര്യ റായ് കഴിഞ്ഞദിവസമാണ് ഹൈക്കോടതിയെ സമീപിച്ചത്. അനുമതിയില്ലാതെ ഇവ ഉപയോഗിക്കുന്നത് തടയണമെന്നും സ്വകാര്യത സംരക്ഷിക്കണമെന്നുമായിരുന്നു ആവശ്യം. ജസ്റ്റിസ് തേജസ് കരിയയുടെ ബെഞ്ചാണ് ഐശ്വര്യയുടെ കേസും പരിഗണിക്കുന്നത്. തുടർനടപടികൾക്കായി കേസ് മാറ്റി.























