ന്യൂഡൽഹി: നടി കരിഷ്മ കപൂറിന്റെ മുൻ ഭർത്താവും പ്രമുഖ ഇന്ത്യൻ വ്യവസായിയുമായ സഞ്ജയ് കപൂർ (53) അന്തരിച്ചു. യുകെയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പോളോ കളിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്.

പോളോ കളിക്കിടെ കുതിരപ്പുറത്ത് കയറുമ്പോൾ തേനീച്ച വായിൽ കയറിയതിന് പിന്നാലെയാണ് അദ്ദേഹത്തിന് അസ്വസ്ഥതകൾ ഉണ്ടായതെന്നാണ് സൂചന.


‘‘സഞ്ജയ് കപൂറിന്റെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഒരു വലിയ നഷ്ടം’’– അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ നടനും എഴുത്തുകാരനുമായ സുഹേൽ സേത്ത് എക്സിൽ കുറിച്ചു. ജൂൺ 13നുണ്ടായ അഹമ്മദാബാദിലെ വിമാനാപകടത്തെ കുറിച്ചുള്ള പോസ്റ്റാണ് സഞ്ജയ് അവസാനമായി എക്സിൽ പങ്കുവച്ചത്.
2003ലാണ് ബോളിവുഡ് നടി കരിഷ്മ കപൂറിനെ സഞ്ജയ് വിവാഹം ചെയ്തത്. ഇവർക്ക് രണ്ടു മക്കളുണ്ട്. 2016ലാണ് ഇരുവരും വിവാഹമോചിതരായത്. പ്രിയ സച്ച്ദേവാണ് ഇപ്പോഴത്തെ ഭാര്യ. ഇരുവർക്കും ഒരു കുട്ടിയുണ്ട്.























