വിമാനാപകടത്തിൽ മരിച്ച രഞ്ജിതയ്‌ക്കെതിരെ അശ്ലീല കമന്റ്; ഡെപ്യൂട്ടി തഹസീൽദാർക്ക് സസ്‌പെൻഷൻ

കാസർകോട്: അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച മലയാളിയായ രഞ്ജിത ജി.നായർക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ അശ്ലീല പ്രതികരണം നടത്തിയ സർക്കാർ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു. കാസർകോട് വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസീൽദാർ പവിത്രനെതിരെയാണ് നടപടി. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അടിയന്തരമായി ഇയാളെ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിട്ടുവെന്ന് റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു.

‘വിമാന അപകടത്തിൽ മരണമടഞ്ഞ രഞ്ജിത ജി നായരെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വെള്ളരിക്കുണ്ട് താലൂക്കിലെ ജൂനിയർ സൂപ്രണ്ട് എ പവിത്രനെ സസ്‌പെൻഡ് ചെയ്തതു. ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസിൽദാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. ഈ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അടിയന്തിരമായി സസ്‌പെൻഡ് ചെയ്യുവാൻ ഉത്തരവിടുകയായിരുന്നു’ മന്ത്രി കെ.രാജൻ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

ജാതീയമായ പരാമർശങ്ങളും അശ്ലീല പരാമർശങ്ങളും നടത്തിയാണ് ഇയാൾ സാമൂഹിക മാധ്യമങ്ങളിൽ രഞ്ജിതയെ അപാനിച്ചത്. ജാതീയമായി അധിക്ഷേപിച്ചുകൊണ്ട് ആദ്യം ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ട ഇയാൾ പിന്നീട് അശ്ലീല പരാമർശങ്ങൾ കമന്റുകളായി ഇടുകയായിരുന്നു. വിമാന ദുരന്തത്തിൽ അനുശോചിക്കുന്നുവെന്ന പേരിലാണ് ഇയാൾ പോസ്റ്റിട്ടത്. ഇതിന്റെ സ്‌ക്രീൻഷോട്ടുകളുയർത്തി സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമുയർന്നതോടെയാണ് സർക്കാർ നടപടിയെടുത്തത്. മുൻ മന്ത്രിയും എംഎൽഎയുമായ ഇ.ചന്ദ്രശേഖരനെ ജാതീയമായി അധിക്ഷേപിച്ചതിൽ ഇയാൾ നേരത്തെ സസ്‌പെൻഷനിലായിരുന്നുവെന്നാണ് വിവരം.