കൊച്ചി: വിവാഹേതര ബന്ധത്തിന്റെ പേരിൽ ഭാര്യയ്‌ക്കോ ഭർത്താവിനോ ജീവിത പങ്കാളിയിൽ നിന്നു നഷ്ടപരിഹാരം ലഭിക്കാൻ അർഹതയില്ലെന്നു ഹൈക്കോടതി. എന്നാൽ വിവാഹമോചനത്തിന് അതു മതിയായ കാരണമാകും. ആധുനിക കാലത്തെ നിയമങ്ങൾ, ഭാര്യയുടെയോ ഭർത്താവിന്റെയോ വിശ്വസ്തതയുടെ ഉടമയായി പങ്കാളിയെ അംഗീകരിക്കുന്നില്ലെന്നും വൈവാഹിക തർക്കങ്ങൾ പരിഹരിക്കാനുള്ള മാർഗം വേറെയാണെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

വിവാഹം നിലനിൽക്കെ മറ്റൊരാളുമായി ഭാര്യ അടുപ്പത്തിലായതിനാൽ ഭർത്താവിനുണ്ടായ മനോവ്യഥയ്ക്കും മാനക്കേടിനും നാലു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തിരുവനന്തപുരം കുടുംബക്കോടതി വിധിച്ചത് റദ്ദാക്കി കൊണ്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം ബി സ്‌നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. കുടുംബക്കോടതി വിധിക്കെതിരെ ഭാര്യയും പങ്കാളിയും നൽകിയ അപ്പീൽ കോടതി അനുവദിച്ചു. ഇത്തരം മാനക്കേടിനും മനോവ്യഥയ്ക്കും നഷ്ടപരിഹാരം നൽകാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നും കോടതി വ്യക്തമാക്കി. വ്യക്തി നിയമങ്ങളിൽ അധിഷ്ഠിതമായി സിവിൽ കരാർ പ്രകാരമുള്ള പവിത്രമായ ബന്ധമായാണു ഇന്ത്യൻ നിയമങ്ങൾ വിവാഹത്തെ കണക്കാക്കുന്നത്. അതിന്റെ പേരിൽ പങ്കാളിയുടെ പെരുമാറ്റത്തിനുമേൽ ഉടമസ്ഥത ലഭിക്കില്ല. വിവാഹേതര ബന്ധത്തിന്റെ പേരിൽ സാമ്പത്തിക ബാധ്യത ചുമത്താതെ വിവാഹമോചനം പോലെ പരിഹാരം നിർദേശിക്കുന്നതിന്റെ ലക്ഷ്യം തന്നെ പങ്കാളിയുടെ അന്തസ്സും സ്വാതന്ത്ര്യവും അംഗീകരിക്കുകയെന്നതാണ്. നഷ്ടപരിഹാര ക്ലെയിം അംഗീകരിച്ചാൽ പങ്കാളിയുടെ വിശ്വസ്തത ഭാര്യയ്ക്ക്/ഭർത്താവിന് അവകാശപ്പെട്ടതാണെന്ന ചിന്ത ശക്തിപ്പെടുമെന്നും കോടതി നിരീക്ഷിച്ചു.


വിവാഹേതര ബന്ധം അധാർമികമാണെങ്കിലും ക്രിമിനൽ കുറ്റമല്ലെന്നു കോടതി പറഞ്ഞു. വിവാഹത്തിലെ വിശ്വാസ്യതയുടെ ലംഘനം എന്ന നിലയിൽ ജീവിത പങ്കാളികൾ തമ്മിലുള്ള സ്വകാര്യ പ്രശ്‌നമാണത്. സാമൂഹിക, നിയമ വ്യവസ്ഥകളിൽ കാര്യമായ മാറ്റം വന്നതോടെ, ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽ ഇന്നതു നഷ്ടപരിഹാരത്തിനു കാരണമായി അംഗീകരിക്കപ്പെടുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.























