മുംബൈ: പൂണെയിൽ നിന്ന് കണ്ടെത്തിയ പെൺകുട്ടികളുമായി താനൂർ പൊലീസ് നാട്ടിലേക്ക് തിരിച്ചു. വൈകിട്ട് പനവേലിൽ നിന്നുള്ള ഗരീബ് രഥ് എക്സ്പ്രസിൽ ആണ് യാത്ര. കുട്ടികൾക്കൊപ്പം യാത്ര ചെയ്ത യുവാവിൻ്റെയും വിശദമായ മൊഴി കേരളത്തിൽ എത്തിയശേഷം രേഖപ്പെടുത്തും.

പുലർച്ചെ പൂണെയിലെ റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തിച്ച കുട്ടികളെ രാവിലെ സസ്സൂൺ ആശുപത്രിയിൽ കൊണ്ടുപോയി വൈദ്യ പരിശോധന നടത്തി. പിന്നീട് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി. രാവിലെ എട്ടുമണിയോടെ മുംബൈയിലെത്തിയ താനൂർ പൊലീസ് സംഘം റോഡ് മാർഗം ഉച്ചയ്ക്ക് ഒരു മണിയോടെ പൂണെയിലെത്തി. സ്റ്റേഷനിലെയും ഷെൽട്ടർ ഹോമിലെയും നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകിട്ട് മൂന്നുമണിയോടെ കുട്ടികളെ ഏറ്റുവാങ്ങി. നാളെ ഉച്ചയോടെ കുട്ടികൾ സ്വദേശത്ത് എത്തും. കോടതിയിൽ ഹാജരാക്കിയ ശേഷം രക്ഷിതാക്കൾക്ക് വിട്ടുനിൽക്കും.

























