കുന്നത്തുനാട്ടിൽ വീടിനുള്ളിൽ അറുപതോളം തെരുവുനായകൾ, ദുർഗന്ധവും കുരയും; സംരക്ഷിക്കുന്നത് ലൈസൻസ് ഇല്ലാതെ

കൊച്ചി: എറണാകുളം കുന്നത്തുനാട് പറക്കോട് തെരുവുനായകളെ സംരക്ഷിക്കുന്നത് ലൈസൻസ് ഇല്ലാതെയെന്ന് ജില്ലാ ഭരണകൂടം. ഉടമയ്ക്ക് നായ വളർത്തൽ കേന്ദ്രം തുടങ്ങാൻ ലൈസൻസ് ഇല്ല. അതിനാൽ വീട്ടിൽ പാർപ്പിച്ച നായകളെ ഒഴിപ്പിക്കും. ആർഡിഒ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് നടപടി. ജില്ലാ മൃഗ സംരക്ഷണ ഓഫീസർ സ്ഥലം സന്ദർശിച്ച് നായകളെ പരിശോധിച്ചിരുന്നു. റിപ്പോർട്ട് കലക്ടർക്ക് കൈമാറും.

വീടിനു മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. എന്നാൽ നായകളെ മാറ്റില്ലെന്ന നിലപാടിലാണ് വാശിയിലാണ് വീട് വാടകയ്ക്ക് എടുത്ത വീണ ജനാർദ്ദനൻ. നാട്ടുകാർ പുറത്ത് ബഹളം വയ്ക്കുമ്പോൾ മാത്രമാണ് നായകൾ കുരയ്ക്കുന്നത് എന്നും വീണ പറയുന്നു. വീട് വാടകയ്ക്ക് എടുത്തപ്പോൾ മൃഗങ്ങളെ വളർത്താൻ അനുമതി നൽകിയിട്ടുണ്ട്. അതിന്റെ എഗ്രിമെന്റ് തന്റെ കയ്യിലുണ്ട്. നായകളുടെ എണ്ണമൊന്നും അതിൽ പറഞ്ഞിട്ടില്ലെന്നും, താൻ റെസ്‌ക്യുവർ ആണെന്നും വീണ ജനാർദ്ദനൻ വ്യക്തമാക്കി.

പ്രശ്നം പരിഹരിക്കാതെ വീട്ടുമുറ്റത്തുനിന്നും പിരിഞ്ഞുപോവില്ലെന്ന നിലപാടിലാണ് നാട്ടുകാർ. ജില്ലാ ഭരണകൂടം ഇടപെട്ടിട്ടും നാട്ടുകാർ പിരിഞ്ഞുപോകാത്തതിനാൽ സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.