കൊച്ചി: കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതിവിവേചനം നടക്കുന്നതായുള്ള പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കൊച്ചിൻ ദേവസ്വം കമ്മീഷണറും കൂടൽമാണിക്യം എക്‌സിക്യൂട്ടീവ് ഓഫീസറും അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. കഴകം ജോലികൾക്ക് നിയമിച്ച ഈഴവ സമുദായത്തിൽപ്പെട്ട ആളെ മാറ്റിനിർത്തിയെന്ന ആരോപണത്തെ തുടർന്നാണ് നടപടി.

ദേവസ്വം റിക്രൂട്‌മെന്റ് നടത്തിയ പരീക്ഷ പാസായി ഫെബ്രുവരി 24-നാണ് തിരുവനന്തപുരം ആര്യനാട് സ്വദേശിയായ ബാലു ക്ഷേത്രത്തിലെ കഴകം ജോലിയിൽ പ്രവേശിച്ചത്. വാര്യർ സമാജവും തന്ത്രി സമാജവും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഇയാളെ കഴകം ജോലിയിൽനിന്ന് ഓഫീസ് ജോലിയിലേക്ക് മാറ്റുകയായിരുന്നു.


ഓഫീസിന്റെ പുനഃക്രമീകരണത്തിന്റെ ഭാഗമായാണ് ജോലിമാറ്റമെന്നാണ് ദേവസ്വം ബോർഡ് വിശദീകരിച്ചത്. എന്നാൽ, പ്രതിഷ്ഠാ ദിനം, ഉത്സവം എന്നിവ നടക്കുന്നതിനാൽ പൂജയേയും മറ്റും ബാധിക്കും എന്നതുകൊണ്ടാണ് ബാലുവിനെ അവിടെനിന്ന് മാറ്റിയതെന്നാണ് ആരോപണം.























