കോട്ടയത്ത് ബസ്‌ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു; നിയന്ത്രണംവിട്ട ബസ് മരിത്തിലിടിച്ച് യാത്രക്കാർക്ക് പരിക്ക്

പാലാ (കോട്ടയം): ഡ്രൈവിങ്ങിനിടെ സ്വകാര്യ ബസ്‌ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. നിയന്ത്രണംവിട്ട ബസ് മരിത്തിലിടിച്ച് വിദ്യാർഥികളടക്കം 20 പേർക്ക് പരിക്കേറ്റു. പാലായ്ക്ക് സമീപം ഇടമറ്റത്ത് തിങ്കളാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം. പൈക-പാലാ-ചേറ്റുതോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസായ കുറ്റാരപ്പള്ളിയുടെ ഡ്രൈവർ ഇടമറ്റം കൊട്ടാരത്തിൽ രാജേഷ് (43) ആണ് മരിച്ചത്. ഡ്രൈവർ കുഴഞ്ഞ് വീണപ്പോൾ ബസ് നിയന്ത്രണംവിട്ട് തെങ്ങിലിടിക്കുകയായിരുന്നു.

യാത്രക്കാരിൽ പരിക്കേറ്റ മൂന്നുപേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ പാലാ ജനറൽ ആശുപത്രിയിലും ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടർന്നാണ് ഡ്രൈവർ കുഴഞ്ഞ് വീണതെന്നാണ് കരുതുന്നത്.