കോതമംഗലത്ത് വീട്ടമ്മയുടെ കൊലപാതകം: അയല്‍വാസികളായ അസം സ്വദേശികള്‍ കസ്റ്റഡിയില്‍

കൊച്ചി: കോതമംഗലത്ത് വീട്ടമ്മയുടെ കൊലപാതകത്തില്‍ അയല്‍വാസികളായ അസം സ്വദേശികള്‍ കസ്റ്റഡിയില്‍. സമീപത്തുള്ള ഇവരുടെ തന്നെ പഴയ വീട്ടില്‍ വാടകക്ക് താമസിക്കുന്ന മൂന്നു പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മോഷണത്തിനായി മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം.

ഇന്നലെ വൈകുന്നേരമാണ് കോതമംഗലത്ത് കള്ളാട് ചെങ്ങമനാട്ട് ഏലിയാസിൻ്റ ഭാര്യ സാറാമ്മയെ (72) വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.സ്വർണമാലയും നാല് വളകളും അടക്കം ആറു പവന്‍റെ ആഭരണം നഷ്ടപ്പെട്ടിട്ടുണ്ട്.

സംഭവ സമയം വീട്ടില്‍ സാറാമ്മ ഒറ്റക്കായിരുന്നു. ജോലി കഴിഞ്ഞ് വൈകുന്നേരം മൂന്നരക്ക് വീട്ടില്‍ തിരിച്ചെത്തിയ മരുമകളാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിലായിരുന്നു. തെളിവ് നശിപ്പിക്കാൻ മഞ്ഞള്‍പൊടി വിതറിയിരുന്നു.