കോട്ടയം: ഇരട്ടക്കൊല കേസിൽ പ്രതി അമിത് ഒറാങ് കൊല്ലാൻ ലക്ഷ്യം വെച്ചത് വിജയകുമാറിനെ മാത്രമെന്ന് പൊലീസ്. ശബ്ദം കേട്ട് ഭാര്യ ഉണർന്നത് കൊണ്ടാണ് മീരയെ കൊന്നത് പ്രതി മൊഴി നൽകി. വിജയകുമാർ കൊടുത്ത കേസ് മൂലമാണ് ഗർഭം അലസി പോയ ഭാര്യയെ പരിചരിക്കാൻ പ്രതിക്ക് പോകാൻ സാധിക്കാതിരുന്നത്. ഇതാണ് വൈരാഗ്യത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അതേസമയം പ്രതി ഡി വി ആറുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പോലീസ് പിടിയിലായി പ്രതി ആദ്യ മണിക്കൂർ തന്നെ കുറ്റം സമ്മതിച്ചു. പിന്നാലെയാണ് കൂടെ കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങൾ പൊലീസിനോട് പറഞ്ഞത്.

വിജയകുമാർ ജോലിക്കാരനായിരുന്ന അമിത്തിനെ ശമ്പളം നൽകാതെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ഇയാൾ പറയുന്നത്. ഇതേതുടർന്നാണ് മൊബൈൽ ഫോൺ മോഷ്ടിച്ച് പണം തട്ടാൻ അമിത് ശ്രമിച്ചത്. ഈ കേസിൽ അഞ്ചുമാസം പ്രതി റിമാൻഡിൽ കഴിയുകയും ചെയ്തു. ഈ കാലത്താണ് ഭാര്യയുടെ ഗർഭം അലസി പോകുന്നത്. ഭാര്യയെ പരിചരിക്കാൻ പോലും പോകാൻ സാധിക്കാത്ത വന്നതിലുള്ള വൈരാഗ്യം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. എന്നാൽ വിജയകുമാർ കുമാറിനെ മാത്രമാണ് കൊലപ്പെടുത്താൻ അമിത് തീരുമാനിച്ചത്. കൊലപാതകം നടക്കുന്ന ശബ്ദം കേട്ട് വിജയകുമാറിന്റെ ഭാര്യ എഴുന്നേറ്റത്തോടെയാണ് അവരെയും വക വരുത്തിയത് എന്നാണ് പൊലീസ് പറയുന്നത്. ജയിലിൽ നിന്നും പുറത്തിറങ്ങാൻ സഹായിച്ചത് കല്ലറ സ്വദേശി ഫൈസൽ ഷാജിയാണ്. ഇയാൾ പ്രതിക്കൊപ്പം ജയിലിൽ ഉണ്ടായിരുന്നു. ഇവർക്ക് വേണ്ടിയുള്ള പണം പ്രതിയുടെ അമ്മ നാട്ടിൽ നിന്ന് അയച്ചു നൽകി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ വാങ്ങാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

























