അമ്പലമുക്ക് വിനീത കൊലക്കേസ് : പ്രതി രാജേന്ദ്രന് വധശിക്ഷ

തിരുവനന്തപുരം: വട്ടിയൂർക്കാവ് അമ്പലമുക്ക് വിനീത കൊലക്കേസിൽ തമിഴ്‌നാട് കന്യാകുമാരി സ്വദേശിയായ പ്രതി രാജേന്ദ്രന് വധശിക്ഷ വിധിച്ചു. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. വധശിക്ഷയ്ക്കു പുറമേ 8,10,500 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇതിൽ 4 ലക്ഷം രൂപ മരിച്ച വിനീതയുടെ മക്കൾക്കു നൽകണമെന്ന് കോടതി ഉത്തരവിട്ടു.

പ്രതി രാജേന്ദ്രൻ കുറ്റക്കാരനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. പ്രതി മുമ്പ് മൂന്ന് മൂന്നു കൊലപാതകം നടത്തിയ ആളാണെന്നും, പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

2022 ഫെബ്രുവരി ആറിനാണ് തിരുവനന്തപുരം അമ്പലമുക്കിലെ അലങ്കാര ചെടിക്കടയിൽ വച്ച് രാജേന്ദ്രൻ വിനീതയെ കുത്തിക്കൊലപ്പെടുത്തിയത്. വിനീതയുടെ കഴുത്തിൽ ഉണ്ടായിരുന്ന നാലരപ്പവൻ സ്വർണമാല കവരാനായിരുന്നു കൊലപാതകം. കേസിൽ കൊലപാതകം, കവർച്ച, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് പ്രസൂൺ മോഹൻ കണ്ടെത്തിയിരുന്നു. ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ- ശാസ്ത്രീയ തെളിവുകൾ പ്രകാരമായിരുന്നു അന്വേഷണം. 118 സാക്ഷികളിൽ 96 പേരെ വിസ്തരിച്ചു. പ്രതിയുടെ ദൃശ്യങ്ങൾ അടങ്ങിയ 12 പെൻഡ്രൈവുകൾ ഏഴ് യുഎസ്ബികൾ എന്നിവ ഹാജരാക്കി. ഇതുകൂടാതെ 222 രേഖകളും കോടതിയിൽ പരിശോധിച്ചിരുന്നു. പ്രതിയായ രാജേന്ദ്രൻ നേരത്തെ തമിഴ്നാട് വെള്ളമഠം സ്വദേശിയും കസ്റ്റംസ് ഓഫീസറുമായ സുബ്ബയ്യൻ, ഭാര്യ വാസന്തി, ഇവരുടെ വളർത്തുമകളായ അഭിശ്രീ എന്നിവരെ കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങി പേരൂർക്കടയിൽ ഹോട്ടൽ ജീവനക്കാരനായി ജോലി ചെയ്യുമ്പോഴായിരുന്നു നാലര പവന്റെ സ്വർണമാല മോഷ്ടിക്കാനായി വിനീതയെ കൊലപ്പെടുത്തുന്നത്.