കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവെച്ചു

കോഴിക്കോട്: കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവെച്ചു. രാജിക്കത്ത് കെപിസിസിയ്ക്ക് കൈമാറി. തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണ രംഗത്ത് പാർട്ടി പരിഗണിച്ചില്ല എന്ന് ആരോപിച്ചാണ് രാജി. എലത്തൂർ സീറ്റിൽ നിജേഷ് അരവിന്ദിനെ പരിഗണിച്ചിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോൾ പേര് ഉണ്ടായിരുന്നില്ല. ഇതിൽ അമർഷമുണ്ടായിരുന്നു. ബാലുശേരിയിലായിരുന്നു നിജേഷിന്റെ പ്രചാരണമേഖല. എന്നാൽ അവിടെയും കാര്യമായ ഉത്തരവാദിത്തങ്ങളൊന്നും പാർട്ടി നിജേഷിനെ ഏൽപ്പിച്ചിരുന്നില്ല. അവസാനഘട്ടം വരെ സജീവമായി നിന്നെങ്കിലും ഒരു ഉത്തരവാദിത്തവും നൽകാത്തതിൽ നിജേഷ് അതൃപ്തിയിലായിരുന്നുവെന്നാണ് വിവരം. ഈ നിലയിൽ പാർട്ടിയിൽ തുടരാൻ കഴിയില്ല എന്നാണ് നിജേഷ് പറയുന്നത്. തുടർന്നാണ് രാജി.

രാജിക്കത്ത് കൈമാറിയിട്ടും നേതൃത്വം ഇതുവരെ നിജേഷ് അരവിന്ദുമായി ബന്ധപ്പെട്ടിട്ടില്ല. കോൺഗ്രസിന്റെ കോഴിക്കോട്ടെ യുവ ശബ്ദമാണ് നിജേഷ്. കോൺഗ്രസ് വക്താവായി ചാനൽ ചർച്ചകളിൽ പങ്കെടുത്തിട്ടുളള ആളാണ്. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് നിജേഷ് മുന്നോട്ടുവെച്ച സ്ഥാനാർത്ഥികൾക്ക് സ്ഥാനാർത്ഥിത്വം നൽകാൻ ഡിസിസി തയ്യാറായിരുന്നില്ല. അദ്ദേഹം പരസ്യമായി അതിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. അത് പിന്നീട് പിൻവലിക്കുകയും പോസ്റ്റിൽ പാർട്ടിക്ക് വിശദീകരണം നൽകേണ്ടിവരികയും ചെയ്തിരുന്നു. ആ സ്ഥാനാർത്ഥി പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിക്കുകയും അയാളെ തന്നെ പഞ്ചായത്ത് പ്രസിഡന്‌റാക്കേണ്ടിവരുകയും ചെയ്തിരുന്നു. അതേസമയം മറ്റ് പാർട്ടികളിലേക്ക് പോകാൻ തീരുമാനമില്ലെന്നും കോൺഗ്രസുകാരനായി തുടരുമെന്നും നിജേഷ് പറഞ്ഞു.