കൊച്ചി: എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വയോധികയെ മകനെത്തി കൂട്ടിക്കൊണ്ടുപോയി. തോട്ടപ്പളളി സ്വദേശിനിയായ കമലാക്ഷി എന്ന വയോധികയെയാണ് മകനെത്തി തിരികെ കൊണ്ടുപോയത്. അച്ഛനൊപ്പമാണ് അമ്മ ബസ് സ്റ്റാൻഡിലേക്ക് എത്തിയതെന്നും വാർത്തയിലൂടെ വിവരമറിഞ്ഞ് പൊലീസിനെ സമീപിക്കുകയായിരുന്നുവെന്നും മകൻ വ്യക്തമാക്കി. അച്ഛന് ഓർമ്മക്കുറവുണ്ടെന്നും മകൻ പൊലീസിനോട് പറഞ്ഞു.

ഇന്നലെ വൈകുന്നേരമാണ് എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വയോധികയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഏറെ വൈകിയും ആരും വരാതായതോടെ കെഎസ്ആർടിസി ജീവനക്കാരൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി വയോധികയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഭർത്താവും ബന്ധുക്കളും ആശുപത്രിയിൽ പോകാനായി തന്നെ ബസ് സ്റ്റാൻഡിൽ ഇരുത്തിയതാണ് എന്നാണ് കമലാക്ഷി പൊലീസിനോട് പറഞ്ഞത്.

























