തിരുവോണനാളില്‍ കാണാതായ ആദിവാസി ബാലനെ ഇനിയും കണ്ടെത്താനായില്ല

കോഴിക്കോട്: പത്തുദിവസം മുമ്പ് കോടഞ്ചേരിയില്‍നിന്ന് കാണാതായ ആദിവാസി ബാലനെ ഇനിയും കണ്ടെത്താനായില്ല. കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവിന് സമീപം ചുണ്ടക്കുന്ന് നാലു സെന്റ് ഉന്നതിയിലെ വിനീത്-സജിത ദമ്പതിമാരുടെ മകന്‍ വിജിത് വിനീത് (14)നെയാണ് കാണാതായത്. കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ്.

തിരുവോണനാളില്‍ രാവിലെ 11 മണിക്ക് വീട്ടില്‍നിന്ന് കൂട്ടുകാര്‍ക്കൊപ്പം പോയ വിജിത്ത് താമരശ്ശേരിയിലെ ഒരു സിനിമ തിയേറ്ററിലും വൈകീട്ട് ഈങ്ങാപ്പുഴയിലും പോയതായി സ്ഥിരീകരിച്ചിട്ടുണ്ട്. വൈകീട്ട് ആറുമണിയോടെ താമരശ്ശേരി ചുങ്കത്ത് എത്തിയതായും വിവരമുണ്ട്. രാത്രി എട്ടുമണിക്ക് ഓമശ്ശേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് കുട്ടി എത്തിയതായി വ്യക്തമാകുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. എന്നാല്‍, പിന്നീട് എങ്ങോട്ടുപോയി എന്നതില്‍ വ്യക്തതയില്ല.

വിവിധ ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. കാണാതാവുന്ന സമയത്ത് കുട്ടിയുടെ കൈയില്‍ കൂട്ടുകാരന്‍ നല്‍കിയ 15 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് വിവരം. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 7034409462 (പിതാവ് വിനീത്) എന്ന നമ്പറില്‍ അറിയിക്കണമെന്നാണ് അഭ്യര്‍ഥന.