തിരുവനന്തപുരം: ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാർ നടത്തിയ സാമ്പത്തിക തട്ടിപ്പിന്റെ തെളിവുകൾ പുറത്ത്. ജീവനക്കാർ നടത്തിയ സാമ്പത്തിക തട്ടിപ്പിന്റെ തെളിവുകളാണെന്ന് അവകാശപ്പെടുന്ന വിഡിയോ ദൃശ്യങ്ങളാണ് കൃഷ്ണകുമാർ പുറത്തുവിട്ടത്. ഒ ബൈ ഓസി എന്ന സ്ഥാപനത്തിന്റെ ദിവസേനയുള്ള വിറ്റുവരവുമായി ബന്ധപ്പെട്ട രേഖകളും സിസിടിവി ദൃശ്യങ്ങളും ഉൾപ്പെടെയാണ് പുറത്തുവിട്ടത്. ജീവനക്കാരുടെ പരാതിയിൽ തനിക്കും മകൾക്കുമെതിരെ കേസെടുത്തതിന് പിന്നാലെയാണ് ദൃശ്യങ്ങളും രേഖകളും പുറത്തുവിട്ടത്. തട്ടിപ്പുമായി ബന്ധപ്പെട്ട് കൃഷ്ണകുമാർ വനിതാ ജീവനക്കാരെ ചോദ്യം ചെയ്യുന്നതും അവർ കുറ്റം സമ്മതിക്കുന്നതും ഒരു വിഡിയോയിൽ കാണാം.

തട്ടിപ്പിൽനിന്ന് ലഭിച്ച പണം തങ്ങൾ വീതിച്ചെടുത്തുവെന്ന് വിഡിയോയിൽ ജീവനക്കാരികളിൽ ഒരാൾ സമ്മതിക്കുന്നു. 2000 രൂപ കിട്ടിയാൽ മൂന്നുപേരും 500 വീതമെടുക്കുമെന്ന് യുവതി പറയുന്നു. ആകെ എത്രരൂപയാണ് എടുത്തതെന്ന് ഓർമയില്ലെന്നും കൃഷ്ണകുമാർ പുറത്തുവിട്ട വീഡിയോയിലുണ്ട്. സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു. എന്നാൽ ദിയ പറഞ്ഞിട്ടാണ് തങ്ങളുടെ അക്കൗണ്ടിലേയ്ക്ക് പണം ഇട്ടതെന്നാണ് ജീവനക്കാരുടെ വാദം. ടാക്‌സ് പ്രശ്‌നമുള്ളതുകൊണ്ടാണ് ഇങ്ങനെ പണം തങ്ങളുടെ അക്കൗണ്ടിലേയ്ക്ക് മാറ്റുന്നതെന്നും ദിയ തങ്ങളോട് പറഞ്ഞിരുന്നു. തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് എട്ട് ലക്ഷം രൂപ നൽകുകയായിരുന്നുവെന്നും ജീവനക്കാർ പറയുന്നു. ജീവനക്കാരുടെ ആരോപണങ്ങൾ എല്ലാം അടിസ്ഥാന രഹിതമാണെന്നും തെളിവുണ്ടെങ്കിൽ കൊണ്ടുവരട്ടെ എന്നാണ് ദിയ കൃഷ്ണയുടെ പ്രതികരണം.

























