പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവം; രാഷ്ട്രീയ ആയുധമാക്കുന്നു, ഗൂഢാലോചന പരിശോധിക്കണം: സിപിഎം

തിരുവനന്തപുരം: നിലമ്പൂരിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ആളുടെ ഫോൺ രേഖകൾ അടക്കം വിശദമായി പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അയാളുടെ ഫോൺകോളുകൾ ഉൾപ്പെടെ പൊലീസ് ശ്രദ്ധയോടെ പരിശോധിക്കുമെന്നാണ് കരുതുന്നത്. ഈ സംഭവം ഇത്ര പെട്ടെന്ന് വാർത്തയാക്കുകയും രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തതിന്റെ പിന്നിൽ രാഷ്ട്രീയ ഗൂഢോദ്ദേശ്യം ഉണ്ടോയെന്ന കാര്യവും പരിശോധിക്കണമെന്ന് എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. ഇക്കാര്യം വനംമന്ത്രിയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സംഭവം നടന്ന ഉടൻ തന്നെ അവിടെ എത്തപ്പെട്ട ആളുകൾ ആസൂത്രമായി എത്തപ്പെട്ടതാണോ, നിലമ്പൂരിൽ വാഹനം തടയൽ ഉൾപ്പെടെയുള്ള സമരങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്തതാണോ എന്നും പരിശോധിക്കണം. ഏതെങ്കിലും സംഭവം നടന്നാൽ ഉടൻ തന്നെ അതിനെ രാഷ്ട്രീയമായ ആയുധമായി ഉപയോഗിച്ച് ഇടതുമുന്നണിയെ കടന്നാക്രമിക്കുന്നതിന് ഇതുപോലുള്ള ദാരുണ സംഭവങ്ങൾ ഉപയോഗിക്കുന്നുവെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

കൺമുമ്പിൽ നടന്ന സംഭവങ്ങളൊന്നും കൃത്യമായി മനസ്സിലാക്കാതെ, സർക്കാരിനെതിരെ തിരിച്ചുവിടുന്ന രാഷ്ട്രീയമായ ബോധപൂർവമായ ശ്രമം, അതിനു പിന്നിൽ പ്രവർത്തിച്ചത് എന്തൊക്കെയാണെന്ന് കൃത്യമായ അന്വേഷണത്തിലൂടെ കണ്ടെത്തണം. സംഭവത്തിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് വനംമന്ത്രി പറഞ്ഞതും അന്വേഷിക്കണം. വന്യജീവി ആക്രമണത്തെ ഇതിലേക്ക് കൂട്ടിക്കുഴയ്‌ക്കേണ്ട കാര്യമില്ല. കസ്റ്റഡിയിലുള്ളയാളുടെ ഫോൺകോളുകൾ പരിശോധിക്കുന്നതിലൂടെ ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് പകൽവെളിച്ചം പോലെ മനസ്സിലാകും. എം വി ഗോവിന്ദൻ പറഞ്ഞു. അവിടെ ഒരു സംഭവം ഉണ്ടായപ്പോൾ തന്നെ സിപിഎം നേതാവ് വിജയരാഘവന്റെ വാഹനം തടയേണ്ട കാര്യമെന്താണ്?. അത് ബോധപൂർവമാണ്. ഒന്നും കിട്ടാതിരിക്കുന്ന പ്രതിപക്ഷത്തിന്റെ ദുരന്തമാണിത്. ഇതിന്റെ പിന്നിൽ ഗൂഢാലോചന സംഘമുണ്ട്. ഇവിടെ വാർഡ് മെമ്പറുണ്ടല്ലോ. പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്. അദ്ദേഹം യുഡിഎഫ് സ്ഥാനാർത്ഥിയുടെ അടുത്ത സുഹൃത്താണ്. എല്ലാം പരിശോധിക്കട്ടെ. വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചതിന് പിന്നാലെ നടന്ന സമരങ്ങളും പ്രക്ഷോഭങ്ങൾക്കും പിന്നിൽ ഒരു ഗൂഢാലോചനയുണ്ട്. ആ ഗൂഢാലോചന അന്വേഷിക്കുക തന്നെ വേണമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

നിലമ്പൂരിൽ പന്നിക്കെണിയിൽ നിന്നു ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. പത്താം ക്ലാസ് വിദ്യാർഥിയായ അനന്തു(15)വാണ് മരിച്ചത്. വഴിക്കടവ് വെള്ളക്കട്ടയിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം. രണ്ട് പേർക്ക് പരിക്കേറ്റു. ഷാനു, യദു എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. വഴിക്കടവ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.