കൊച്ചി: അൻസിബ അയച്ച മെസേജ് തന്റെ കുടുംബ ജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയതെന്ന് നടി ലക്ഷ്മിപ്രിയ. സ്റ്റേഷനിൽ മൂന്ന് മണിക്കൂർ പിടിച്ചിരുത്തി എന്ന അൻസിബയുടെ ആരോപണം ശരിയല്ലെന്നും കയ്യിലുള്ള തെളിവുകൾ എല്ലാം പൊലീസിന് കൈമാറുമെന്നും അവർ പറഞ്ഞു. പരാതിക്ക് പിന്നിൽ അജണ്ടയില്ലെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. അൻസിബയുടെ പരാതിയിൽ എസിപിക്ക് മുന്നിൽ താരം മൊഴി നൽകി.

‘എന്റെ കയ്യിലെ ഡിജിറ്റൽ തെളിവ് കൈമാറും. ഡിസംബർ 10നാണ് അനാവശ്യമായ ഒരു മെസേജ് വന്നത്. എന്റെ ഭർത്താവ് പ്രശ്‌നമാക്കിയത് വിട്ടേക്കൂ. എന്റെ ഫോണിലേക്ക് അങ്ങനെയൊരു സന്ദേശം വരുമ്പോൾ എനിക്ക് നിയമപരമായി പോകാമല്ലോ. വ്യക്തിപരമായ പ്രശ്‌നത്തിൽ സംഘടനയ്ക്ക് എന്ത് ബാധ്യതയാണുള്ളത്?. സംഘടനയല്ല പരിഹരിക്കേണ്ടത്. അതിന് പുറത്താണ് പരിഹരിക്കേണ്ടത്’, അവർ മാധ്യമങ്ങളോട് പറഞ്ഞു. ഗുരുതരമായ ആരോപണമാണ് തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ എസ്ഐ രേഷ്മ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അൻസിബ ഉന്നയിച്ചിരുന്നത്. നടി ലക്ഷ്മിപ്രിയക്ക് അൻസിബ അയച്ച ഒരു വാട്സ്ആപ്പ് സന്ദേശം ലക്ഷ്മിപ്രിയയുടെ കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കി എന്ന് കാണിച്ച് പരാതി തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ ലഭിച്ചിരുന്നു.


ആ പരാതിയിൽ അൻസിബയെ വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്തിരുന്നു. മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ തനിക്ക് വലിയ ഹരാസ്മെന്റ് നേരിടേണ്ടി വന്നു എന്നാണ് അൻസിബ പറയുന്നത്. സന്ദേശം അയച്ചതിൽ ഖേദ പ്രകടനം എഴുതിക്കൊടുക്കാൻ നിർബന്ധിക്കുകയും ഫോട്ടോ എടുക്കാൻ നിർബന്ധിക്കുകയും തുടർച്ചയായി അധിക്ഷേപിക്കുകയും ചെയ്തുവെന്ന് കാണിച്ച് അൻസിബ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.























