‘പരം സുന്ദരി’ എന്ന ചിത്രത്തിൽ മലയാള ഭാഷ ഉപയോഗിച്ചതിൽ നേരിട്ട വിമർശനങ്ങളോട് പ്രതികരിച്ച് ബോളിവുഡ് താരം ജാൻവി കപൂർ. മലയാള ഭാഷ മനോഹരമാണെങ്കിലും കൈകാര്യം ചെയ്യാൻ ഏറെ പ്രയാസമുള്ളതാണെന്ന് ജാൻവി പറഞ്ഞു. മലയാളം പരീക്ഷണത്തിന് താൻ മുതിരില്ലെന്നും തമിഴും തെലുങ്കുമാണ് തനിക്ക് കൂടുതൽ വഴങ്ങുന്നതെന്നും ജാൻവി വ്യക്തമാക്കി. റാം ചരൺ നായകനാകുന്ന തന്റെ പുതിയ തെലുങ്ക് ചിത്രം ‘പെദ്ധി’യുടെ പ്രമോഷൻ ചടങ്ങുകൾക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

‘‘ഇനി മലയാളം സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം ആ ഭാഷ മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. കേൾക്കാൻ വളരെ മനോഹരവും മധുരവുമുള്ള ഭാഷയാണ് മലയാളം എന്നതിൽ തർക്കമില്ല. എന്നാൽ തമിഴ്, തെലുങ്ക് ഭാഷകളാണ് എനിക്ക് കൂടുതൽ എളുപ്പമായി തോന്നുന്നത്. അതുകൊണ്ട് തന്നെ തെലുങ്ക് സിനിമകളിൽ അഭിനയിക്കുന്നത് ഞാൻ ഏറെ ആസ്വദിക്കുന്നുണ്ട്. തമിഴ് സിനിമകൾ കൂടുതൽ എക്സ്പ്ലോർ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം,’’ ജാൻവി പറഞ്ഞു.


സിദ്ധാർഥ് മൽഹോത്രയ്‌ക്കൊപ്പം അഭിനയിച്ച ‘പരം സുന്ദരി’ എന്ന ചിത്രത്തിൽ ജാൻവി ഒരു മലയാളി കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. ചിത്രത്തിനായി താരം സ്വന്തം ശബ്ദത്തിൽ സംസാരിച്ച മലയാളം ഡയലോഗുകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ട്രോളുകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. തമിഴ്, തെലുങ്ക് ഭാഷകളിലെ ഉച്ചാരണരീതികളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം തനിക്ക് വഴങ്ങാൻ ഏറെ പാടായിരുന്നു എന്ന് ജാൻവി തന്നെ ഇപ്പോൾ സമ്മതിക്കുകയാണ്.
‘ദേവര’യ്ക്ക് ശേഷം ജാൻവി കപൂർ നായികയാകുന്ന രണ്ടാമത്തെ വലിയ തെലുങ്ക് ചിത്രമാണ് ‘പെദ്ധി’. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി എത്തുന്നത് റാം ചരൺ ആണ്.























