മഹാകുംഭമേളയിൽ തിക്കും തിരക്കും: പത്തുപേർ മരിച്ചെന്ന് റിപ്പോർട്ട്

ലഖ്നൗ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് പത്തുപേർ മരിച്ചെന്ന് റിപ്പോർട്ട്. പത്തുകോടി ഭക്തർ പങ്കെടുക്കുന്ന അമൃത് സ്‌നാനത്തിന് തൊട്ടുമുൻപാണ് അപകടമുണ്ടായത്. ഭക്തർ ഇരച്ചെത്തിയതോടെ ബാരിക്കേഡുകൾ തകർന്നതാണ് അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ മേള ഗ്രൗണ്ടിനകത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഗത്തിലേക്കുള്ള വഴിയിലെ ബാരിക്കേഡുകൾ തകർന്നാണ് നിരവധി ഭക്തർക്ക് പരുക്കേറ്റതെന്നും സ്ഥിതിഗതികൾ ഗുരുതരമല്ലെന്നും സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് ഓഫിസർ അകാൻക്ഷ റാണ മാധ്യമങ്ങളോട് പറഞ്ഞു. രാത്രി ഒരു മണിയോടെയാണ് സംഭവം നടന്നത്. എഴുപതിലധികം പേർക്ക് അപകടത്തിൽ പരുക്കേറ്റതായാണ് പ്രാഥമിക വിവരം. തിക്കിലും തിരക്കിലും 15 പേർക്ക് ജീവൻ നഷ്ടമായെന്ന് മഹാകുംഭമേള സ്ഥലത്തെ ഡോക്ടർമാരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്‌തെങ്കിലും ഇതിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അടിയന്തര നടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രി ഉത്തർപ്രദേശ് സർക്കാരിന് നിർദേശം നൽകി. അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇന്നത്തെ അമൃത് സ്‌നാനിൽ പങ്കെടുക്കേണ്ടെന്ന് അഖില ഭാരതിയ അഖാര പരിഷത്ത് തീരുമാനിച്ചു. സംഗമത്തിൽ മുങ്ങിക്കുളിച്ച ശേഷം എല്ലാവരും വളരെവേഗം സ്ഥലത്തുനിന്ന് ഒഴിയണമെന്ന് അധികൃതർ നിർദേശം നൽകി. തിക്കിലും തിരക്കിലും പെട്ട് ഭക്തരുടെ നിരവധി സംഘങ്ങളും കുടുംബങ്ങളും വേർപിരിഞ്ഞെന്നും ആളുകൾ ബന്ധുക്കളെ തിരഞ്ഞുനടക്കുകയാണെന്നും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.