ലോക്കപ്പിൽ ചെന്താമര ആദ്യം ചോദിച്ചത് ചിക്കനും ചോറും

പാലക്കാട്: നെൻമാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ലോക്കപ്പിലെത്തിച്ചപ്പോൾ ആവശ്യപ്പെട്ടത് ചിക്കനും ചോറും. സുധാകരനുമായി തലേദിവസമുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നും ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അതുപോലെ തന്നെ പ്രതി വിഷം കഴിച്ചിട്ടില്ലെന്നും വൈദ്യപരിശോധനയിൽ വ്യക്തമായി. ഇപ്പോൾ ആലത്തൂർ ഡിവൈഎസ്പി ഓഫീസിലുള്ള ചെന്താമരയെ ഇന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കും.

ഞെട്ടിക്കുന്ന വിവരങ്ങളാണ് ചെന്താമര പൊലീസിന് നൽകിയ മൊഴിയിലുള്ളത്. 5 പേരെയാണ് ഇയാൾ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടത്. ഭാര്യയെ കൊല്ലാനായിരുന്നു ആദ്യലക്ഷ്യമെങ്കിലും ഇവർ എവിടെയാണെന്ന് കണ്ടെത്താൻ ചെന്താമരക്ക് സാധിച്ചില്ല. തുടർ‌ന്നാണ് ശ്രദ്ധ സുധാകരനിലേക്ക് എത്തിയത്. സുധാകരനെയും അമ്മയെയും കൊലപ്പെടുത്താൻ തീരുമാനിച്ചാണ് പാലക്കാട് എലവഞ്ചേരിയിൽ നിന്നും കൊടുവാൾ വാങ്ങിയത്. കൊല്ലപ്പെട്ട സുധാകരന്റെ അമ്മ ലക്ഷ്മിയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നും പ്രതി പറയുന്നു.

നീളമുള്ള മുടിയുള്ള സ്ത്രീയാണ് കുടുംബപ്രശ്നത്തിന് കാരണമെന്ന് മന്ത്രവാദി പറഞ്ഞിരുന്നുവെന്നും അതാണ് സജിതയുടെ കൊലപ്പെടുത്താൻ കാരണമെന്നും ആയിരുന്നു 2019 മൊഴി. എന്നാൽ മന്ത്രവാദികളെ കണ്ടിട്ട് മാസങ്ങളായെന്നാണ് പ്രതി ഇത്തവണ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. തലേദിവസം വിഷം കഴിച്ചെന്ന് പ്രതി പറഞ്ഞിരുന്നു. എന്നാൽ വൈദ്യപരിശോധനയിൽ പ്രതി വിഷം കഴിച്ചിട്ടില്ലെന്ന് വ്യക്തമായി.