ശ്വേതയ്ക്കൊപ്പം; അമ്മയിൽ നിന്നും രാജിവച്ച് മല്ലിക സുകുമാരൻ

താരസംഘടനയായ ‘അമ്മ’യിലെ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ മുതിർന്ന നടി മല്ലിക സുകുമാരൻ സംഘടനയുടെ പ്രാഥമിക അംഗത്വം രാജിവെച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് താൻ സംഘടനയിൽ നിന്നും പടിയിറങ്ങുന്ന കാര്യം അവർ അറിയിച്ചത്. പ്രത്യേക ജനറൽ ബോഡി യോഗത്തിന് പിന്നാലെ ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി കൂട്ടരാജി പ്രഖ്യാപിക്കുകയും, തൊട്ടുപിന്നാലെ ശ്വേത സംഘടനയുടെ പ്രാഥമിക അംഗത്വം വരെ ഒഴിഞ്ഞ വാർത്തകൾ പുറത്തുവരുകയും ചെയ്തതിന് പിന്നാലെയാണ് ശ്വേതയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് മല്ലിക സുകുമാരനും പടിയിറങ്ങുന്നത്.

“സ്നേഹപൂർവം പടിയിറങ്ങുന്നു….. ‘അമ്മയിൽ’ നിന്നും…. സത്യത്തിനൊപ്പം.. ന്യായത്തിനൊപ്പം… ശ്വേതയ്ക്കൊപ്പം…” മല്ലിക സുകുമാരൻ ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ വാർഷിക കണക്കുകൾ പാസാക്കാൻ കഴിയാത്തതിനെ തുടർന്നുണ്ടായ തർക്കങ്ങളാണ് ഭരണസമിതിയുടെ പതനത്തിന് കാരണമായത്. എന്നാൽ, കണക്കുകളുടെ പിഴവുകൾക്ക് ഉത്തരവാദികളായ ജനറൽ സെക്രട്ടറിയോ ട്രഷററോ മൗനം പാലിച്ചപ്പോൾ, കുറ്റബോധം കൊണ്ട് പ്രസിഡന്റായ ശ്വേതയാണ് രാജി വെക്കാൻ തയ്യാറായതെന്ന് മല്ലിക സുകുമാരൻ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ചെയ്യാത്ത തെറ്റിന്റെ പേരിൽ ശ്വേത വേട്ടയാടപ്പെടുകയാണെന്നും അവർ ചൂണ്ടിക്കാണിച്ചിരുന്നു. തുടർന്ന് ശ്വേത ‘അമ്മ’ വിട്ടതിന് പിന്നാലെ, ഇനി താനും ഈ സംഘടനയിൽ തുടരുന്നില്ല എന്ന ഉറച്ച തീരുമാനത്തിലാണ് മല്ലിക സുകുമാരൻ എത്തിച്ചേർന്നത്.

ഭരണസമിതി രാജിവെച്ചതിനെ തുടർന്ന് രമേഷ് പിഷാരടി കൺവീനറായും കെ.ബി. ഗണേഷ് കുമാർ, ആശാ അരവിന്ദ് തുടങ്ങിയവർ അംഗങ്ങളായും താൽക്കാലിക അഡ്ഹോക് കമ്മിറ്റി രൂപീകരിച്ച് സംഘടനയുടെ ഭരണം മുന്നോട്ട് കൊണ്ടുപോകാൻ ജനറൽ ബോഡി തീരുമാനിച്ചിരുന്നു. എന്നാൽ ശ്വേതാ മേനോന് പിന്നാലെ മലയാള സിനിമയിലെ ഏറ്റവും മുതിർന്ന നടിമാരിൽ ഒരാളായ മല്ലിക സുകുമാരൻ കൂടി സംഘടനയിൽ നിന്ന് പൂർണ്ണമായി പടിയിറങ്ങിയത് പുതിയ അഡ്ഹോക് കമ്മിറ്റിക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.