മുംബൈ: ബോളിവുഡ് നടി മമ്താ കുൽക്കർണി സന്ന്യാസം സ്വീകരിച്ചു. പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തിയ ശേഷമാണ് കിന്നർ അഖാഡയുടെ സന്യാസദീക്ഷ സ്വീകരിച്ചത്. യാമൈ മമത നന്ദഗിരി എന്ന പേരിലാണ് ഇനി അറിയപ്പെടുകയെന്നും മമ്ത പറഞ്ഞു. പിണ്ഡദാനം നടത്തിയ ശേഷം കിന്നർ അഖാഡ മമതയുടെ പട്ടാഭിഷേക ചടങ്ങുകൾ നടത്തുകയായിരുന്നു. ജനുവരി 24നാണ് മഹാകുംഭത്തിലെ കിന്നർ അഖാഡയിലെത്തി ആചാര്യ മഹാമണ്ഡേശ്വർ ലക്ഷ്മി നാരായൺ ത്രിപാഠിയെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷം മമത സംഗമത്തിലെ പുണ്യജലത്തിൽ മുങ്ങിയത്. 52 കാരിയായ മമത 2 വർഷമായി കിന്നർ അഖാഡയുടെ ഭാഗമായി പ്രവർത്തിക്കുകയായിരുന്നു. 25 വർഷത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ശേഷമാണ് മമത സന്യാസം സ്വീകരിച്ചത്.

90കളിൽ ബോളിവുഡിൽ നിറഞ്ഞുനിന്ന നടിയാണ് മമ്താ കുൽക്കർണി. 2000ത്തിന്റെ തുടക്കം വരെ ബോളിവുഡിൽ സജീവമായിരുന്നു. 1991ൽ തമിഴ് ചിത്രമായ നൻപർകൾ എന്ന ചിത്രത്തിലൂടെ അരങ്ങേറി. പിന്നീട് മേരെ ദിൽ തേരേ ലിയേ, തിരംഗ എന്നീ ചിത്രങ്ങളിലൂടെ ഹിന്ദിയിൽ ചുവടുറപ്പിച്ചു. പിന്നീട് കൈനിറയെ ചിത്രങ്ങൾ. ചന്ദാമാമ എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി. എന്നാൽ, വിവാഹത്തിന് പിന്നാലെ, പതിയ സിനിമകളിൽ നിന്ന് അപ്രത്യക്ഷമായി.


2016ൽ താനെയിൽ നിന്നും ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ മമത കുൽക്കർണിയും ഭർത്താവും അറസ്റ്റിലായതോടെ വീണ്ടും വാർത്തകളിൽ നിറഞ്ഞു. 2000 കോടിയുടെ ലഹരിമരുന്ന് കേസിലാണ് അറസ്റ്റിലായത്. എന്നാൽ കോടതി ഈ കേസ് റദ്ദാക്കി. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും മാറിനിന്ന മമത ഏറെക്കാലമായി വിദേശത്തായിരുന്നു.























