ഭർത്താക്കൻമാർ മദ്യപാനികൾ; യുവതികൾ പരസ്പരം വിവാഹം കഴി‍ച്ചു

ഖൊരക്പൂർ: മദ്യപാനികളായ ഭർത്താക്കൻമാരെ ഉപേക്ഷിച്ച് യുവതികൾ പരസ്പരം വിവാഹം കഴി‍ച്ചു. ഉത്തർപ്രദേശിലെ ഖൊരക്പൂരിലാണ് സംഭവം. കവിത, ബബ്‌ലു എന്നീ യുവതികളാണ് വിവാഹിതരായത്. ഇരുവരുടെയും ഭർത്താക്കൻമാർ ദിനവും മദ്യപിച്ചെത്തി ഉപദ്രവിക്കുമായിരുന്നു. ഇൻസ്റ്റാഗ്രാമിലൂടെയാണ് യുവതികൾ പരിചയപ്പെട്ടത്. തുറന്ന് സംസാരിച്ചപ്പോൾ മദ്യപാനികളായ ഭർത്താക്കൻമാരുടെ പീഡനത്തിന് ഇരകളാണ് തങ്ങളെന്ന് മനസ്സിലായി. സമാനമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് മനസ്സിലായപ്പോൾ ഇരുവരും പരസ്പരം അടുത്തു. തുടർന്ന് വീട് വിട്ടിറങ്ങി ദേവരിയായിലെ ഛോട്ടി കാശി ശിവക്ഷേത്രത്തിൽ വച്ച് വിവാഹിതരാവുകയായിരുന്നു. ക്ഷേത്ര പുരോഹിതരിൽ ഒരാൾ മുൻകൈ എടുത്താണ് വിവാഹം നടത്തി കൊടുത്തത്.

ഖൊരക്പൂരിൽ തന്നെ വീട് വാടകയ്‌ക്കെടുത്ത് താമസിക്കാനാണ് തീരുമാനം. ജോലി ചെയ്ത് സ്വയം പര്യാപ്തത നേടി സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് യുവതികൾ ഒരു പ്രദേശിക മാധ്യമത്തോട് പറഞ്ഞു.