ആന ഇടഞ്ഞ സംഭവത്തിൽ ഗുരുവായൂർ ദേവസ്വത്തിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തിൽ ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റി, വനംവകുപ്പ് എന്നിവരോട് വിശദീകരണം തേടി ഹൈക്കോടതി. ഗുരുവായൂർ ദേവസ്വം ലൈവ് സ്റ്റോക് ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ തിങ്കളാഴ്ച നേരിട്ടു ഹാജരായി വിശദീകരണം നൽകണമെന്ന് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളീ കൃഷ്ണ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.

മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കോടതി ഇടപെടൽ. ഗുരുവായൂർ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇടഞ്ഞ ആനകൾ. രണ്ട് ആനകളുടെ ഉൾപ്പെടെ ഫീഡിങ് റജിസ്റ്റർ, ട്രാൻസ്‌പോർട്ടേഷൻ റജിസ്റ്റർ, മറ്റു റജിസ്റ്ററുകൾ തുടങ്ങിയവ ഹാജരാക്കാനും കോടതി നിർദേശിച്ചു. ദൂരസ്ഥലങ്ങളിലേക്ക് ആനകളെ കൊണ്ടുപോകാൻ അനുമതി നൽകുന്നത് എന്തുകൊണ്ടാണെന്ന് വാദത്തിനിടെ കോടതി ആരാഞ്ഞു. ആരെയാണ് കുറ്റപ്പെടുത്തേണ്ടത്?, ആർക്കെതിരെയാണ് കേസെടുക്കേണ്ടതെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചോദിച്ചു. അതേസമയം, ആനയെ എഴുന്നള്ളിച്ചതിൽ നാട്ടാന പരിപാലന ചട്ടങ്ങളുടെ ലംഘനമുണ്ടായെന്ന് ഫോറസ്റ്റ് കൺസർവേറ്റർ റിപ്പോർട്ട് നൽകി. റിപ്പോർട്ട് വനംമന്ത്രിക്ക് കൈമാറിയതായും അവർ അറിയിച്ചു. ക്ഷേത്രത്തിന് എഴുന്നള്ളത്ത് നടത്താനുള്ള അനുമതി റദ്ദാക്കണമെന്ന് നിർദേശിച്ചതായും കീർത്തി വ്യക്തമാക്കി.