കോയമ്പത്തൂർ: ഭാര്യയ്ക്ക് ഇടക്കാല ജീവനാംശം നൽകാൻ യുവാവ് കുടുംബ കോടതിയിലെത്തിയത് 80000 രൂപയുടെ നാണയത്തുട്ടുകളുമായി. രണ്ട് രൂപയുടെയും ഒരു രൂപയുടെയും കോയിനുകളടങ്ങിയ കവറുകളുമായാണ് 37കാരൻ കോടതിയിലെത്തിയത്. കോയമ്പത്തൂരിലാണ് സംഭവം. ടാക്‌സി ഡ്രൈവറാണ് ഇയാൾ.

കഴിഞ്ഞ വർഷമാണ് ഇയാളുടെ ഭാര്യ വിവാഹ ബന്ധം വേർപെടുത്തുന്നതിനുള്ള ഹർജി നൽകിയത്. ഹർജി തീർപ്പാക്കുന്നതിന്റെ ഭാഗമായി രണ്ട് ലക്ഷം രൂപ ജീവനാംശം നൽകാനായിരുന്നു കോടതി ഉത്തരവ്. തുടർന്ന് രണ്ട് രൂപ, ഒരു രൂപ നാണയങ്ങളടങ്ങിയ 20 കവറുകളുമായി ഇയാൾ കോടതിയിൽ എത്തുകയായിരുന്നു. നാണയങ്ങൾ സമർപ്പിച്ചപ്പോൾ നോട്ടുകളായി കൈമാറാൻ കോടതി ആവശ്യപ്പെട്ടു. കോടതി വരാന്തയിലൂടെ നാണയങ്ങളടങ്ങിയ കവറുകളുമായി നടന്നു നീങ്ങുന്ന ഇയാളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.


വ്യാഴാഴ്ച നാണയത്തിന് പകരം കറൻസി നോട്ടുകൾ ഇയാൾ കോടതിയിൽ കൈമാറി. മിച്ചമുള്ള 1.2 ലക്ഷം രൂപ ഉടൻ അടയ്ക്കാൻ കോടതി നിർദേശിച്ചുമുണ്ട്.























