‘ഹൃദയസ്തംഭനം’; എം ടി വാസുദേവൻ നായർ അതീവഗുരുതരാവസ്ഥയിൽ

കോഴിക്കോട്: എഴുത്തുകാരൻ എം ടി വാസുദേവൻ നായർ അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ദിവസങ്ങൾക്ക് മുൻപ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച എംടിക്ക് ഹൃദയസ്തംഭനം ഉണ്ടായതായി മെഡിക്കൽ ബുള്ളറ്റിനിൽ അധികൃതർ അറിയിച്ചു. ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന എംടിയുടെ ഓക്‌സിജൻ ലെവൽ താഴെയാണ്. ഓക്‌സിജൻ സപ്പോർട്ടിലാണ് എംടി ചികിത്സയിൽ കഴിയുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എംടിയെ വിദഗ്ധ സംഘം നിരീക്ഷിച്ച് വരികയാണ്. എല്ലാവിധ ചികിത്സയും ഉറപ്പാക്കിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ഈ മാസം 15നാണ് ശ്വാസതടസ്സത്തെ തുടർന്ന് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറെ നാളുകളായി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം വിശ്രമത്തിലാണ്. ഒരുമാസം മുൻപ് ശ്വാസതടസ്സവും ന്യൂമോണിയയും മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അന്നും ആരോഗ്യനില വഷളായിരുന്നു. ദിവസങ്ങൾ നീണ്ട ചികിത്സയെ തുടർന്ന് ന്യൂമോണിയ മാറി ആശുപത്രി വിട്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന എംടി വീട്ടിൽ വിശ്രമജീവിതം നയിച്ച് വരികയായിരുന്നു. അതിനിടെയാണ് വീണ്ടും ശ്വാസംതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.