ഓടുന്ന ബൈക്കിന് തീപിടിച്ച്‌ ബസ് ഡ്രൈവര്‍ വെന്തുമരിച്ചു; സംഭവം കുമളിയില്‍

ഇടുക്കി : ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് സ്വകാര്യ ബസ് ജീവനക്കാരന്‍ വെന്തുമരിച്ചു. ഇടുക്കി കുമളിയില്‍ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അപകടം നടന്നത്. അണക്കര കളങ്ങരയില്‍ എബ്രഹാം (തങ്കച്ചൻ, 50) ആണ് മരിച്ചത്. തീപ്പിടിച്ചതോടെ ബൈക്ക് ഉപേക്ഷിച്ച്‌ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എബ്രഹാമിന് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു.

സ്വകാര്യ ബസ് ഡ്രൈവറായ എബ്രഹാം രാവിലെ ബൈക്കില്‍ ബസ് സ്റ്റാൻഡിലേക്ക് പോകുമ്ബോഴായിരുന്നു അപകടം. അണക്കര ഏഴാംമൈലിലെ ഇറക്കത്തില്‍വെച്ച്‌ ബൈക്കിന് തീ പിടിക്കുകയായിരുന്നു. ബൈക്കില്‍നിന്ന് ഇയാളുടെ വസ്ത്രത്തിലേക്ക് തീ വേഗത്തില്‍ പടർന്നുകയറുകയായിരുന്നു. ബൈക്ക് ഉപേക്ഷിച്ച്‌ സമീപത്തെ പാടത്തിലേക്ക് പ്രാണരക്ഷാർഥം ഓടുന്നതിടെ തീ ശരീരത്തില്‍ മുഴുവൻ പടരുകയുംചെയ്തു.

ആളൊഴിഞ്ഞ സ്ഥലമായതിനാല്‍ അല്‍പം വൈകിയാണ് സമീപവാസികള്‍ പോലും അപകടവിവരം അറിഞ്ഞത്. കുമളി പോലിസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.