സ്ത്രീധനം കുറഞ്ഞുപോയി; കാസർകോട് വാട്‌സ് ആപ്പിലൂടെ മുത്തലാഖ് ചെല്ലി യുവതിയെ ഒഴിവാക്കിയതായി പരാതി

കാസർകോട്: സ്ത്രീധനം കുറഞ്ഞെന്നാരോപിച്ച് 21കാരിയെ വാട്‌സ് ആപ്പിലുടെ മുത്തലാഖ് ചൊല്ലി ഭർത്താവ്. കാസർകോട് നെല്ലിക്കട്ട സ്വദേശിയായ റസാഖാണ് യുവതിയെ മുത്തലാഖ് ചൊല്ലിയത്. ഫെബ്രുവരി 21നാണ് യുഎഇയിൽ ജോലി ചെയ്യുന്ന അബ്ദുൾ റസാഖ് ഭാര്യാ പിതാവിന് മുത്തലാഖ് സന്ദേശം വാട്ട്‌സ് ആപ്പ് വഴി അയച്ചത്. കല്ലൂരാവി സ്വദേശിനിയാണ് പരാതിയുമായി രംഗത്ത് എത്തിയത്.

സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി ആരോപിച്ചു. ഭർതൃമാതാവും സഹോദരിയും നിരന്തരം പീഡിപ്പിക്കുകയും മുത്തലാഖ് ചൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പറഞ്ഞു. സ്ത്രീധനമായി റസാഖ് 50 പവൻ സ്വർണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിവാഹ ദിവസം 20 പവൻ മാത്രമേ നൽകിയിരുന്നുള്ളൂ. സ്ത്രീധനം കുറഞ്ഞതോടെ ഭർത്താവിന്റെ മാതാപിതാക്കളിൽ നിന്ന് ക്രൂരമായ പീഡനങ്ങൾ നേരിട്ടതായും ഭക്ഷണമില്ലാതെ മുറിയിൽ പൂട്ടിയിട്ട് തുടർച്ചയായി മാനസികമായി പീഡിപ്പിതായും യുവതി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് അന്വേഷണം തുടങ്ങി.