പ്രേംനസീറിനെക്കുറിച്ചുള്ള കഥകൾ താൻ പറഞ്ഞതാണെന്ന ടിനി ടോമിന്റെ വാദം തള്ളി നടൻ മണിയൻപിള്ള രാജു. സംവിധായകൻ ആലപ്പി അഷ്റഫിനോട് നടത്തിയ ഫോൺ സംഭാഷണത്തിലാണ് മണിയൻപിള്ള രാജു ഇക്കാര്യം വ്യക്തമാക്കിയത്. താൻ ഒരിക്കലും ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ലെന്ന് മണിയൻപിള്ള രാജു വ്യക്തമാക്കിയതായി ആലപ്പി അഷ്റഫ് വെളിപ്പെടുത്തി. തന്റെ യുട്യൂബ് ചാനലിലൂടെ മണിയൻപിള്ള രാജുവിന്റെ ഫോൺ സംഭാഷണം ആലപ്പി അഷ്റഫ് പുറത്തു വിടുകയും ചെയ്തു.

മണിയൻപിള്ള രാജുവിന്റെ വാക്കുകൾ: ‘‘ടിനിയൊന്നും നസീർ സാറിനെ കണ്ടിട്ട് പോലുമില്ല. ഞാൻ അദേഹത്തിന്റെ കൂടെ പത്തു പതിനഞ്ച് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഞാൻ എന്റെ ഇന്റർവ്യൂകളിലും പ്രസംഗത്തിലുമൊക്കെ പറയാറുണ്ട്, ഇത്രയും ദൈവതുല്യനായ ഒരാളെ ജീവിതത്തിൽ കണ്ടിട്ടില്ല എന്ന്. വർഷാവർഷം നടക്കുന്ന നസീർ സാറിന്റെ പരിപാടികളിൽ ഞാൻ പോയി സംസാരിക്കാറുണ്ട്.’’


‘‘ഈ ടിനി ടോം മുമ്പും മണ്ടത്തരങ്ങൾ പറഞ്ഞ് വിവാദങ്ങളിൽ ചെന്ന് പെട്ടിട്ടുണ്ട്. എന്തിനാണ് ഇത്ര മഹാനായ ഒരാളെപ്പറ്റി മോശമായി സംസാരിക്കുന്നത്? ഇവന് ഭ്രാന്താണെന്ന് തോന്നുന്നു. മരിച്ചു പോയ ഒരാളാണ്. ദൈവതുല്യനായ മനുഷ്യനാണ്. ഏറ്റവും കൂടുതൽ നായകനായതിന്റെ റെക്കോർഡുള്ള മനുഷ്യനാണ് നസീർ സാർ. ഞാൻ ഒരിക്കലും അദ്ദേഹത്തെപ്പറ്റി അങ്ങനെയൊരു കാര്യം പറയില്ല. നസീർ സാറിനെ ഇഷ്ടപ്പെടുന്നവർ ടിനിയെ കല്ലെറിയും. അദ്ദേഹത്തെ അത്രയും ആരാധിക്കുന്നവരുണ്ട്. ടിനി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം. ടിനിയുടെ പ്രസ്താവനയിൽ ആരൊക്കെയോ കേസ് കൊടുത്തിട്ടുണ്ട്. ഞാൻ അങ്ങനെ പറയില്ലെന്ന് എല്ലാവർക്കും അറിയാം. അദ്ദേഹത്തെക്കുറിച്ച് ഞാൻ എത്രയോ തവണ എഴുതിയിട്ടുണ്ട്. രണ്ട് പടം വന്നാൽ പണ്ട് നടന്ന വഴിയൊക്കെ മറക്കും ഇവരെല്ലാം. അങ്ങനെയൊന്നും ചെയ്യാൻ പാടില്ല,’’ മണിയൻപിള്ള രാജു ഫോൺ സംഭാഷണത്തിൽ പറഞ്ഞു. പ്രേംനസീറിനെക്കുറിച്ച് ടിനി ടോം നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. പ്രേംനസീർ അവസാനകാലത്ത് അവസരം കുറഞ്ഞതിൽ വിഷമിച്ച് കരഞ്ഞു കരഞ്ഞാണ് മരിച്ചത് എന്നായിരുന്നു ടിനിയുടെ പ്രസ്താവന. തന്നോട് ഇക്കാര്യം പറഞ്ഞത് സീനിയർ നടനും നിർമാതാവുമായ മണിയൻപിള്ള രാജു ആണെന്നാണ് ടിനി പറഞ്ഞത്.
എന്നാൽ, പ്രസ്താവന വിവാദമായതോടെ ടിനി ടോം മാപ്പു പറഞ്ഞു. സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു ടിനിയുടെ ക്ഷമാപണം.























